Madhavam header
Above Pot

ഗുരുവായൂര്‍ ക്ഷേത്ര വികസനത്തെ തടസപ്പെടുത്താന്‍ നഗരസഭയും ?

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ വികസനത്തിനായി നൂറു -മീറ്റര്‍ ചുറ്റളവില്‍ ഭൂമി ഏറ്റെടുക്കണമെന്ന് സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ദേവസ്വം അക്വിസേഷന്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ അനധികൃത കെട്ടിട നിര്‍മ്മാണം തകൃതി . ഇത് തടയേണ്ട നഗരസഭ നോക്കുകുത്തിയായി നില്‍ക്കുന്നു. ക്ഷേത്രത്തിന്റെ തെക്കു-പടിഞ്ഞാറേ ഭാഗത്താണ് രണ്ടുനിലയുള്ള രണ്ടുവീടുകള്‍ കെട്ടിപൊക്കുന്നത്. പ്രസ്തുത സ്ഥലത്ത് കെട്ടിട നിര്‍മ്മാണം നടത്താന്‍ അനുമതി നല്‍കരുതെന്നും , പണിനിര്‍ത്തിവെയ്ക്കണമെന്നും ആവശ്യപ്പെട്ട് ഗുരുവായൂര്‍ ദേവസ്വം നഗരസഭയ്ക്ക് നോട്ടീസ് നല്‍കി ഒരുമാസം പിന്നിട്ടിട്ടും, ഇതുവരെ നഗരസഭ ഒരു നടപടിയും എടുത്തിട്ടില്ല എന്ന്‍ ദേവസ്വം ആരോപിച്ചു .

ദേവസ്വം സ്ഥലത്ത് ആഘോഷവേളകളില്‍ പ്രസാദ ഊട്ടിന് ഉപയോഗിയ്ക്കാനായി സ്ഥിര മായ പന്തല്‍ നിര്‍മിക്കാന്‍ , പണിതുടങ്ങിയത് നിമിഷങ്ങള്‍ക്കുള്ളില്‍ നിര്‍ത്തിവെയ്ക്കാന്‍ സ്റ്റോപ്പ്‌മെമ്മോ നല്‍കിയ നഗരസഭ, സ്വകാര്യ വ്യക്തിയുടെ അനധികൃത കെട്ടിട നിര്‍മ്മാണത്തിന് മൗനാനുവാദം നല്‍കിയിരിയ്ക്കയാണ്. ക്ഷേത്രവികസനത്തിനായി ക്ഷേത്രത്തിന് ചുറ്റമുള്ള 100-മീറ്റര്‍ അക്വിസേഷന്‍ ചെയ്യണമെന്നുള്ള കോടതി വിധി നിലനില്‍ക്കേയാണ്, സ്വകാര്യവ്യക്തി സ്ഥലത്ത് കെട്ടിട നിര്‍മ്മാണം തുടങ്ങി പകുതിയിലേറെ പിന്നിട്ടിരിയ്ക്കുന്നത്. ദേവസ്വത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്താന്‍ ഒരു ലോബി തന്നെ പ്രവര്‍ത്തിക്കുന്നതായ സംശയവും ഉയരുന്നുണ്ട്

Vadasheri Footer