ശബരിമല സീസൺ , ക്ഷേത്രനഗരിയിലെ റോഡുകളുടെ അറ്റകുറ്റ പണിയില്ല :കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനം
ഗുരുവായൂര്‍ : ശബരിമല സീസണ് മുന്നോടിയായി ക്ഷേത്രനഗരിയിലെ റോഡുകള്‍ അറ്റകുറ്റപണി നടത്താത്തതിനെതിരെ കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനം. തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ നഗരസഭ തികഞ്ഞ പരാജയമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ദിനംപ്രതി ആയിരങ്ങള്‍ ഉപയോഗിക്കുന്നതും ക്ഷേത്രത്തോട് ചേര്‍ന്ന് കിടക്കുന്നതുമായ ഇന്നര്‍ റിംഗ് റോഡിന്റെ ശോച്യാവസ്ഥ നഗരസഭ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ബി.ജെ.പി കൗണ്‍സിലര്‍ ശോഭഹരിനാരായണന്‍ കുറ്റപ്പെടുത്തി.
അഴുക്ക്ചാല്‍ പദ്ധതി, അമൃത് കുടിവെള്ള പദ്ധതി എന്നിവക്കായി പൊളിച്ച റോഡുകള്‍ പദ്ധതി പൂര്‍ത്തിയാകാത്തതിനാലാണ് ടാറിംഗ് വൈകിയതെന്ന് ചെയര്‍മാന്‍ എം.കൃഷ്ണദാസ് അറിയിച്ചു. പദ്ധതികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിച്ച് മഴ കുറയുന്ന മുറയ്ക്ക് ഔട്ടര്‍ റിംഗ് റോഡുകള്‍ ടാറിഗ് നടത്തുമെന്നും ചെയര്‍മാന്‍ പറഞ്ഞു. ഇന്നര്‍ റിംഗ് റോഡില്‍ നഗരസഭയുടെ അധീനതയിലുള്ള സ്ഥലത്ത് ടൈല്‍ വിരിക്കും. അതിന് മുന്നോടിയായി റോഡ് അറ്റകുറ്റ പണി നടത്തുമെന്നും ചെയര്‍മാന്‍ യോഗത്തെ അറിയിച്ചു.
കിഴക്കേ നടയിലെ നഗരസഭ ബസ്റ്റാന്‍ഡ് കെട്ടിടം പൊളിച്ച് പുതിയത് പണിയാന്‍ 18.50കോടി രൂപയുടെ പദ്ധതിയുടെ എസ്റ്റിമേറ്റിന് കൗണ്‍സില്‍ യോഗം അനുമതി നല്‍കി. നേരത്തെ 13.50 കോടി രൂപക്കാണ് എസ്റ്റിമേറ്റ് നല്‍കിയിരുന്നത്. നിര്‍മ്മാണ സാമഗ്രികളുടെ വില വര്‍ദ്ധനവും ലിഫ്റ്റ്, എസ്‌കലേറ്റര്‍ തുടങ്ങീ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുമായാണ് കൂടുതല്‍ തുകയുടെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചത്. സാങ്കേതിക അനുമതി ലഭിച്ചതിനാല്‍ എത്രയും പെട്ടെന്ന് നിര്‍മ്മാണം തുടങ്ങും. കാലപഴക്കത്താല്‍ ജീര്‍ണിച്ച ബസ്റ്റാന്‍ഡ് കെട്ടിടം പൊളിച്ച് പുതിയത് പണിയണമെന്നത് കാലങ്ങളായുള്ള ആവശ്യമായിരുന്നു.
ഗുരുവായൂര്‍ ദേവസ്വത്തിന്റെ തിരുത്തിക്കാട്ട് പറമ്പില്‍ മാലിന്യം നിക്ഷേപിക്കുന്നതിന് അടിയന്തിര നടപടി വേണമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയന്‍ ആവര്‍ത്തിച്ചു. മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് ആറ് മാസത്തിനകം ദേവസ്വം പ്ലാന്റ് സ്ഥാപിക്കുമെന്നും ഇതോടെ പ്രശനപരിഹാരമാകുമെന്നും ചെയര്‍മാന്‍ ചൂണ്ടികാട്ടി. ജിയോ ഫൈബര്‍ ഒപ്റ്റിക്കല്‍ കേബിളുകള്‍ വലിക്കുന്നതിനായി നഗത്തില്‍ ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയില്‍ സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് തൂണുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് കമ്പനിയോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.
കര്‍ഷകസമരത്തിന് നേതൃത്വം നല്‍കിയവരെ കൗണ്‍സില്‍ അഭിനന്ദിച്ചു. ബില്‍ റദ്ദാക്കിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കൗണ്‍സിലര്‍മാര്‍ക്ക് പഴം നല്‍കിയാണ് യോഗം ആരംഭിച്ചത്. നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയനാണ് കൗണ്‍സിലര്‍മാര്‍ക്ക് പഴം വിതരണം ചെയ്തത്. യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. മുൻ ചെയർ മാൻ പി. കെ ശാന്തകുമാരി, പ്രതിപക്ഷ ഉപനേതാവ് കെ പി എ റഷീദ് ,ആർ വി ഷെരീഫ്, സി എസ് സൂരജ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു