ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്ക യിടാൻ ഇനി ഇ ഹുണ്ടികയും
ഗുരുവായൂർ : ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് കാണിക്കയർപ്പിക്കാൻ ഇ ഹുണ്ടിക സ്ഥാപിക്കാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. സ്മാർട്ട് ഫോൺ കൈവശമുള്ള ഭക്തർക്ക് ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് കാണിക്ക സമർപ്പിക്കാം. കിഴക്കേ നടയിലെ ദീപസ്തംഭത്തിന് സമീപം നിലവിലുള്ള ഭണ്ഡാരത്തിന് അടുത്തായി ഇ -ഹുണ്ടിക സ്ഥാപിക്കാൻ സ്ഥലം. കണ്ടെത്താനാണ് തീരുമാനം. ഇ – ഹുണ്ടികയിൽ പേമെൻ്റ് ക്യു ആർ കോഡ് ഉപയോഗിച്ചാകും. ഇ ഹുണ്ടിക വഴി ലഭിക്കുന്ന തുക ഓരോ മാസത്തെയും ഭണ്ഡാരം എണ്ണലിൽ ഉൾപ്പെടുത്തി രേഖപ്പെടുത്താനും ഭരണ സമിതി യോഗം തീരുമാനിച്ചു.
എസ്.ബി.ഐയുമായി സഹകരിച്ചാണ് ഹുണ്ടിക സ്ഥാപിക്കുക. അതിനായി എസ്.ബി.ഐ യിൽ പ്രത്യേക അക്കൗണ്ട് തുറക്കും. ദേവസ്വം തെക്കേ നടപ്പന്തലിന് ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയം എന്ന് പേര് നൽകാനും യോഗം തീരുമാനിച്ചു. ഭരണ സമിതി യോഗത്തിൽ ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ അധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങളായ തന്ത്രി :പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ , അഡ്വ.കെ.വി.മോഹനകൃഷ്ണൻ, കെ.ആർ.ഗോപിനാഥ്, മനോജ് ബി നായർ , അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവർ സന്നിഹിതരായി