Header 1 = sarovaram
Above Pot

ഗുരുവായൂരിൽ അഭൂതപൂർവ്വമായ ഭക്തജനത്തിരക്ക് , വഴിപാട് ഇനത്തിൽ ലഭിച്ചത് അര കോടിയിലേറെ രൂപ

ഗുരുവായൂർ : കോവിഡ് കാലത്തിന് ശേഷം വേനൽ അവധി ആയതോടെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദർശനത്തിന് എത്തുന്നവരുടെ എണ്ണത്തിൽ വൻ വർധന . ഞായറാഴ്ച അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. തിരക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ഉച്ചക്ക് ഒന്നര മണിക്കൂര്‍ വൈകിയാണ് ക്ഷേത്രനടയടക്കാന്‍ കഴിഞ്ഞത്. സാധാരണ ഉച്ചപൂജകഴിഞ്ഞ് ഒന്നരയോടെയാണ് നടയടക്കാറ്. എന്നാല്‍ വരി നിന്നിരുന്ന ഭക്തര്‍ക്ക് മുഴുവന്‍ ദര്‍ശനത്തിന് സൗകര്യം നല്‍കിയതോടെ മൂന്ന് മണിക്കാണ് നടയടക്കാനായത്. നടയടച്ച് ക്ഷേത്രത്തിനകം വൃത്തിയാക്കി വീണ്ടും മൂന്നരക്ക് നട തുറന്നു. വൈകീട്ടും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇന്നത്തേക്ക് 78 വിവാഹങ്ങളാണ് ശീട്ടാക്കിയിരുന്നത്. ഇതില്‍ 71 വിവാഹങ്ങള്‍ ക്ഷേത്രസന്നിധിയില്‍ നടന്നു. 1242 കുരുന്നുകള്‍ക്ക് ചോറൂണും നല്‍കി. 67 വാഹനപൂജയും നടന്നു. ശ്രീലകത്ത് നെയ് വിളക്ക് ശീട്ടാക്കി ദര്‍ശനം നടത്തിയ വകയില്‍ 3 ലക്ഷത്തി 10,500 രൂപയും തുലാഭാരം നടത്തിയ വകയില്‍ 28.28 ലക്ഷം രൂപയും ദേവസ്വത്തിന് ലഭിച്ചു. 58.61 ലക്ഷം രൂപയാണ് വഴിപാടിനത്തില്‍ മാത്രം ദേവസ്വത്തിന് ലഭിച്ചത്. അതെ സമയം വരുന്ന ഭക്തർക്ക് അടിസ്ഥാന സൗകര്യം നൽകുന്ന കാര്യത്തിൽ ഇപ്പോഴും ദേവസ്വം വിമുഖത കാണിക്കുകയാണ് . വാഹനം പാർക്ക് ചെയ്യാൻ സ്ഥലമില്ലാതെ വാഹന ഉടമകൾ പരക്കം പായുകയായിരുന്നു . ഞായറാഴ്ച ദിവസം തിരക്ക് ഉണ്ടാകുമെന്നും അതിനനുസരിച്ചു മുന്നൊരുക്കം നടത്തണമെന്നും ഉള്ള യാതൊരു ധാരണയും ദേവസ്വം അധികൃതർക്കില്ല . നിസാര കാരണങ്ങൾ പറഞ്ഞാണ് ദേവസ്വം ആശുപത്രിയുടെ തെക്ക് ഭാഗത്തുള്ള പാർക്കിങ് ഗ്രൗണ്ട് അടച്ചിട്ടുള്ളത് . തിരക്കുള്ള ദിവസങ്ങളിൽ എങ്കിലും അത് തുറന്ന് കൊടുക്കുകയാണെങ്കിൽ വാഹനവുമായി വരുന്നവർക്ക് വലിയ ആശ്വാസമാണ്. നാട്ടുകാരനായ ഒരു ഭരണ സമിതി അംഗത്തിനോട് ദേവസ്വത്തിൽ നിന്നും വിരമിച്ച ആൾ ഈ പ്രശ്നം ശ്രദ്ധയിൽ പെടുത്തിയപ്പോൾ ഭരണ സമിതി ചേർന്ന് വിഷയം ചർച്ച ചെയ്യണമെന്നാണത്രെ മറുപടി നൽകിയത്. അതിനു ശേഷം നിരവധി ഭരണ സമിതി യോഗങ്ങൾ ചേർന്നെങ്കിലും ഭക്തരുടെ കാര്യമായതിനാൽ ആർക്കും വലിയ താൽപര്യം ഉണ്ടായി കാണില്ല . വരുന്ന ഭക്തർക്ക് സൗകര്യം ചെയ്ത് കൊടുത്തതു കൊണ്ട് ഒന്നും ലഭിക്കാനും പോകുന്നില്ലല്ലോ

Vadasheri Footer