ഗുരുവായൂർ ക്ഷേത്രോത്സവ ദിവസങ്ങളിൽ 5000 പേർക്ക് ദര്‍ശന സൗകര്യം

ഗുരുവായൂര്‍ . ഉത്സവ ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ 5000പേര്‍ക്ക് ദര്‍ശന സൗകര്യം നല്‍കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. നിലവിലെ വെര്‍ച്ചല്‍ ക്യൂ വഴി നിലവിലെ 3000 പേർക്ക് പുറമെ , നെയ് വിളക്ക് ശീട്ടാക്കി വരുന്നവർ ദേവസ്വം ജീവനക്കാർ , ജീവനക്കാരുടെ കുടുംബാംഗങ്ങൾ തദ്ദേശ വാസികൾ,എന്നിവർ ഉൾ പ്പടെയാണ് അയ്യായിരം പേർക്ക് ദർശന സൗകര്യം നൽകുന്നത്.

വെര്‍ച്ചല്‍ ക്യൂ വഴി 150 പേർക്ക് രാത്രി 830 മുതൽ 930 വരെ പഴുക്കാ മണ്ഡപ ദർശനം അനുവദിക്കുംദേവസ്വം ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വഴിയും തദ്ദേശിയര്‍ക്ക് പാസ് മേഖനേയും പഴുക്കാമണ്ഡപദര്‍ശനത്തിന് സൗകര്യമുണ്ടാകും. രാത്രി എട്ട് മുതല്‍ ഒമ്പത് വരെ ദേവസ്വം ഓഫീസില്‍ കൗണ്ടര്‍ വഴിയാണ് പാസ് നല്‍കുക. രാത്രി 8.30 മുതല്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് 150 പേര്‍ക്കാണ് ദര്‍ശനം അനുവദിക്കുക.

ക്ഷേത്രോത്സവത്തിന്റെ ഭാഗമായി പള്ളിവേട്ട, ആറാട്ട് എഴുന്നള്ളിപ്പുകള്‍ക്ക് മൂന്നാനയെ പങ്കെടുപ്പിക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ആനയോട്ടത്തിന് ഒരാനയെ മാത്രം പങ്കെടുപ്പിക്കാനുള്ള നിര്‍ദ്ദേശത്തില്‍ ഇളവ് വരുത്തി മൂന്നാനകളെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജില്ല കളക്ടര്‍ക്ക് ദേവസ്വം കത്ത് നല്‍കും. ക്ഷേത്രദര്‍ശനത്തിനെത്തുന്നവര്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നുള്ള ജില്ല മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശം പുന:പരിശോധിക്കണമെന്നും ദേവസ്വം ആവശ്യപ്പെടും

പള്ളിവേട്ട, ആറാട്ട് ദിവസങ്ങളില്‍ 100 പറമാത്രം സമര്‍പ്പിക്കാന്‍ ജില്ലകളക്ടറുടെ നിര്‍ദ്ദേശം പ്രായോഗികമല്ലാത്തതിനാല്‍ ദേവസ്വം വക മാത്രം പറ സമര്‍പ്പിക്കും. ഭക്തര്‍ക്ക് പറ സമര്‍പ്പിക്കാനാവില്ല. കാഴ്ചശീവേലിയുടെ മേളം, പള്ളിവേട്ട, ആറാട്ട് ദിവസങ്ങളിലെ പുറത്തേക്കെഴുന്നള്ളിപ്പ് എന്നിവയില്‍ 35 വീതം കലാകാരന്മാരെ പങ്കെടുപ്പിക്കും. രണ്ടാം വിളക്ക് മുതല്‍ എട്ടാം വിളക്ക് വരെ ഒരു തായമ്പക മാത്രം നടത്തും.

ക്ഷേത്രത്തിനുള്ളിലെ മേളം, തായമ്പക എന്നിവയും കുളപ്രഥക്ഷിണവും ഒരു മണിക്കൂറാക്കി ചുരുക്കി. ദേശപകര്‍ച്ചക്ക് പകരമുള്ള ഭക്ഷ്യകിറ്റുകളുടെ വിതരണം അവകാശികള്‍ക്ക് നല്‍കിയ കൂപ്പണുകളിലെ ദിവസങ്ങളിലെ സമയക്രമം അനുസരിച്ച് കൗസ്തുഭത്തിലെ നാരായണീയം ഹാളില്‍ വിതരണം ചെയ്യും. ആറാട്ട് ദിവസം ഇളനീര്‍ സമര്‍പ്പിക്കാനെത്തുന്ന അവകാശികളെ ആചാര പൂര്‍വ്വം സ്വീകരിക്കും. യോഗത്തില്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ.കെ.ബി.മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ഭരണസമിതിയംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, എ.വി.പ്രശാന്ത്, ഇ.പി.ആര്‍.വേശാല, അഡ്വ.കെ.വി.മോഹനകൃഷ്ണന്‍, അഡ്മിനിസ്‌ട്രേറ്റര്‍ ടി.ബ്രീജകുമാരി എന്നിവര്‍ പങ്കെടുത്തു.