Madhavam header
Above Pot

ഗുരുവായൂർ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെൻറർ തുറന്നുകൊടുത്തു

ഗുരുവായൂർ: വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തി സംരക്ഷിക്കുന്നതിൽ അതത് സംസ്ഥാനങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ പറഞ്ഞു. തീർഥാടകർക്കായി പ്രസാദ് പദ്ധതി വഴി ഗുരുവായൂർ നഗരസഭ നിർമിച്ച ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വൈകാതെ തന്നെ പ്രസാദ് പദ്ധതിയുടെ ഭാഗമായ ഗുരുവായൂരിലെ അമിനിറ്റി സെന്ററും മൾട്ടിലെവൽ കാർ പാർക്കിങ് സൗകര്യവും പൂർത്തിയാക്കി നാട്ടുകാർക്ക് തുറന്ന് കൊടുക്കാനാകുമെന്നും കേന്ദ്ര സഹമന്ത്രി അറിയിച്ചു.
കേന്ദ്ര ടൂറിസം വകുപ്പിന്റെ പ്രസാദ് പദ്ധതിയിൽ തൃശൂർ ജില്ലയിൽ ആദ്യം പണി പൂർത്തിയാക്കിയത് ഗുരുവായൂരിലെ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററാണ്.

ചടങ്ങിൽ സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ വിശിഷ്ടാതിഥിയായി. ലക്ഷക്കണക്കിന് ഭക്തർ എത്തുന്ന തീർത്ഥാടന കേന്ദ്രമായ ഗുരുവായൂരിൽ ഈ വലിയ പദ്ധതി എത്രയും വേഗം നടപ്പിലാക്കിയത് പ്രശംസാവഹമാണെന്ന് അദ്ദേഹം പറഞ്ഞു.
ശീതീകരിച്ച ഡോർമെറ്ററി, ഭക്ഷണശാലകൾ, വിശ്രമ മുറികൾ, എടിഎം കൗണ്ടറുകൾ, ഇന്റർനെറ്റ് കഫേ, വായനശാല, കലാ പ്രദർശനത്തിനുള്ള ഹാളുകൾ, പ്രാഥമിക സൗകര്യത്തിനുള്ള സംവിധാനങ്ങൾ, സ്ത്രീകൾക്കുള്ള താമസ സൗകര്യം എന്നീ ആധുനിക സൗകര്യങ്ങളോടുകൂടിയാണ് ഫെസിറ്റേഷൻ സെന്റർ നിർമിച്ചിരിക്കുന്നത്. ഗുരുവായൂർ കിഴക്കേനട ബസ്‌സ്റ്റാൻഡിന്റെ പിറകിൽ 8.94 കോടി ചെലവിട്ടാണ് ഫെസിലിറ്റേഷൻ സെന്റർ നിർമാണം.

Astrologer

ടി എൻ പ്രതാപൻ എംപി, കെ വി അബ്ദുൽ ഖാദർ എം എൽ എ എന്നിവർ മുഖ്യാതിഥികളായി. ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ എം രതി, വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ, സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോർജ്, ടൂറിസം ഡയറക്ടർ ബാലകിരൺ, വിവിധ സ്ഥിരം സമിതി അധ്യക്ഷന്മാർ, മറ്റ് ജനപ്രതിനിധികൾ, സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.,/p>

Vadasheri Footer