
ഗുരുവായൂർ താലപ്പൊലി ഭക്തി സാന്ദ്രം

ഗുരുവായൂര്‍: ഇടത്തരികത്തുകാവ് ദേവിയുടെ താലപ്പൊലി ഭക്തി സാന്ദ്ര മായി. പ്രൗഢിയോടെ ഭക്തജന മധ്യത്തിലേക്ക് കാവിറങ്ങി വന്നു. അനുഗ്രഹ വർഷം ചൊരി യാൻ ഭക്തർക്കിടയിലേക്ക് ഇറങ്ങിയ ഭഗവതിയെ മഞ്ഞളും, കുങ്കുമവും, നെല്ലുമലരുമുള്ള നിറപ്പറകളുമായി എതിരെറ്റു പറകള്‍ ഏറ്റുവാങ്ങി കാവിലമ്മ മഞ്ഞളില്‍ ആറാടിയോടെ ഗുരുവായൂര്‍ താലപ്പൊലി സംഘത്തിന്റെ ‘പിള്ളേര് താലപ്പൊലി’ അനിര്‍വ്വചനീയമായ അനുഭവമായി.
ഇന്നലെ രാവിലെ 11.30 ഗുരുവായൂരപ്പന്റെ ശ്രീലകം അടച്ചശേഷം ഉച്ചയ്ക്ക് 12 ന് ഭഗവതിയുടെ പുറപ്പാട് തുടങ്ങി.

വാതില്‍മാടത്തുകയറി ഭഗവതിയുടെ കോമരം സുരേന്ദ്രന്‍ വെളിച്ചപ്പാട്പട്ടുചുറ്റി, അരമണിക്കെട്ടിയ ശേഷം ദേവി സന്നിധിയില്‍ നിന്ന് പള്ളിവാളും, ചിലമ്പും ഏറ്റുവാങ്ങി. കീഴ്ശാന്തി മേലേടം ശ്രീഹരി നമ്പൂതിരി ഭഗവതിയുടെ തിടമ്പു വഹിച്ച് ആനപ്പുറത്തുകയറി. ചോറ്റാനിക്കര വിജയന്റെ പ്രാമാണ്യത്തില്‍ പഞ്ചവാദ്യം നിരന്നു. തിമിലയിൽ വൈക്കം ചന്ദ്രന്‍, ചോറ്റാനിക്കര നന്ദപ്പന്‍ എന്നിവരും ചെര്‍പ്പുളശ്ശേരി ശിവന്‍ (മദ്ദളം), പാഞ്ഞാള്‍ വേലുക്കുട്ടി (താളം), മച്ചാട് ഉണ്ണിനായര്‍(കൊമ്പ്), തിരുവില്വാമല ഹരി (ഇടയ്ക്ക) എന്നിവരും നേതൃനിരയിൽ അണിനിരന്നു.

കിഴക്കേ നടപ്പന്തലില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്ക് പഞ്ചവാദ്യം അവസാനിച്ചശേഷം പെരുവനം സതീശന്‍ മാരാരും, ഗുരുവായൂര്‍ ഗോപനും നയിച്ച മേളം. കൊമ്പന്‍ ഇന്ദ്രസെന്‍ ആയിരുന്നു കോലം. ശ്രീധരനും, രവികൃഷ്ണനും പറ്റാനകളായി. മൂന്നരയോടെ താലപ്പൊലിയുടെ വിശേഷ ചടങ്ങായ നിറപ്പറകളുടെ സമര്‍പ്പണമായിരുന്നു. തുടര്‍ന്ന് നാഗസ്വരത്തിന്റെ അകമ്പടിയില്‍ കുളപ്രദക്ഷിണവും.
ക്ഷേത്രനടകളിലാകെ ഭക്തജനങ്ങള്‍ പറകള്‍ വെച്ച് ഭഗവതിയെ എതിരേറ്റു. സന്ധ്യയോടെ ദേവി കാവിലേക്ക് മടങ്ങി. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ വി.കെ.വിജയന്‍, തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

