ഗുരുവായൂർ ക്ഷേത്രത്തിലെ ശംഖ് മോഷണം മൂടി വെച്ചവർക്കെതിരെ നടപടി വേണമെന്ന്
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര ഗോപുരത്തിൽ നിന്ന് ക്ഷേത്ര ചടങ്ങുകൾക്ക് ഉപയോഗിക്കുന്ന വസ്തുക്കൾ മോഷണം പോകുന്നത് ദേവസ്വം അധികൃതർ അറിയുന്നില്ല. ക്ഷേത്രത്തിന്റെ ചുമതല ഉള്ള ഉദ്യോഗസ്ഥർ രഹസ്യമായി ഒതുക്കുകയാണ് എന്നാണ് ആരോപണം .ഭരണകക്ഷി ക്ക് പ്രിയപ്പെട്ടവരായതിനാൽ നടപടി എടുക്കാൻ ദേവസ്വം ഭരണാധികാരികൾക്കും കഴിയാറില്ല .ക്ഷേത്രത്തിൽ അടുത്തിടെ ഉണ്ടായ വിവാദങ്ങളിൽ പോലും ഇവരുടെ ഇടപെടൽ ഉണ്ടായിരുന്നു വെന്ന് പറയുന്നു .
ഒരു മാസം മുമ്പ് നഷ്ടപ്പെട്ട ശംഖ് കുറിയറിൽ ക്ഷമാപണ കത്തോടെ തിരിച്ചെത്തിയപ്പോഴാണ് ഇങ്ങിനെയൊരു സംഭവം നടന്ന കാര്യം ദേവസ്വം അഡ്മിനിസ്ട്രേറ്റർ തന്നെ അറിയുന്നത്. ഒരു പാരമ്പര്യ ജീവനക്കാരൻ വിവരം ചോർത്തി പുറംലോകത്തെത്തിച്ചതോടെയാണ് സംഭവം ജനശ്രദ്ധയിലെത്തിയത്. ക്ഷേത്രത്തിലെ തിരുവാഭരണം നഷ്ടപ്പെട്ടതും ഏറെക്കാലം കഴിഞ്ഞാണ് പുറംലോകം അറിഞ്ഞിരുന്നത്. ദിവസവും പുലർച്ചെ മൂന്നിന് ക്ഷേത്ര നട തുറക്കുന്നതിനും വിളക്കെഴുന്നള്ളിപ്പിനും മറ്റ് വിശേഷാവസരങ്ങളിലുമൊക്കെ ഉപയോഗിക്കുന്ന ശംഖാണ് നഷ്ടപ്പെട്ടിരുന്നത്.
ശംഖ് നഷ്ടപ്പെട്ടതോടെ മറ്റൊരു ശംഖ് ഉപയോഗിച്ച് ചടങ്ങുകൾ നിർവഹിച്ചു വരികയായിരുന്നു. എന്നാൽ ക്ഷേത്ര ഗോപുരത്തിൽ നിന്ന് ശംഖ് നഷ്ടപ്പെട്ട വിവരം അഡ്മിനിസ്ട്രേറ്റർക്ക് റിപ്പോർട്ട് ചെയ്യാതെ മറച്ചുവെച്ചു. ഇതിനിടെയാണ് വിജയവാഡയിൽ നിന്ന് ക്ഷമാപണ കുറിപ്പോടെ ശംഖ് പാഴ്സലിൽ തിരിച്ചെത്തിയത്. ഇക്കാര്യങ്ങൾ ഒരു പാരമ്പര്യ ജീവനക്കാരൻ വഴിയാണ് പുറത്തറിഞ്ഞത്. കാര്യങ്ങൾ ഇത്തരത്തിലാണെങ്കിൽ എന്തെല്ലാം ക്ഷേത്രത്തിൽ നിന്ന് നഷ്ടപ്പെട്ടിരിക്കാം എന്ന ആശങ്കയിലാണ് ഭക്തർ. വർഷങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ട ഭഗവാൻറെ തിരുവാഭരണം ഇതുവരെ തിരിച്ചുകിട്ടിയിട്ടില്ല. തിരുവാഭരണം നഷ്ടപ്പെട്ടതും ഏറെക്കഴിഞ്ഞാണ് പുറംലോകം അറിഞ്ഞത്. ഗോപുരത്തിൽ സൂക്ഷിച്ച ശംഖ് നഷ്ടപ്പെട്ടത് മറച്ചുവെച്ച ജീവനക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.