ഗുരുവായൂർ ഉത്സവം – പള്ളിവേട്ടയിൽ ആയിരങ്ങൾ പങ്കെടുത്തു , ആറാട്ട് ചൊവ്വാഴ്ച

ഗുരുവായൂര്‍ : ഗ്രാമപ്രദക്ഷിണം പൂര്‍ത്തിയാക്കിയ ഭഗവാന്‍, പള്ളിവേട്ടക്കിറങ്ങി. പക്ഷിമൃഗാദികളുടെ വേഷം കെട്ടിയ ഭഗവാന്റെ കൂടെ പള്ളിവേട്ടയിൽ പങ്കെടുത്തു . മൃഗങ്ങളെ വേട്ടയാടാനാണ് ഭഗവാന്‍ പള്ളിവേട്ടക്ക് പോകുന്നതെന്നാണ് സങ്കല്‍പ്പം. പള്ളിവേട്ടക്ക് നന്ദിനി ഭഗവാന്റെ തിടമ്പേറ്റി, പള്ളിവേട്ടയ്ക്കായി പിടിയാനപുറമേറി ഒമ്പതുപ്രദക്ഷിണം പൂര്‍ത്തിയാക്കി. പള്ളിവേട്ടയുടെ ക്ഷീണത്താല്‍ നാലമ്പലത്തിനകത്തെ നമസ്‌ക്കാരമണ്ഡപത്തില്‍ പ്രത്യേകം തയ്യാറാക്കിയ കട്ടിലിലായിരുന്നു, ഭഗവാന്റെ പള്ളിയുറക്കം. പള്ളിവേട്ടയുടെ ആലസ്യത്തില്‍ കിടന്നുറങ്ങുന്ന ഭഗവാന്റെ ഉറക്കത്തിന് വിഘ്‌നം സംഭവിക്കാതിരിക്കാന്‍ ക്ഷേത്രത്തിലെ നാഴികമണി രാത്രി ശബ്ദിച്ചില്ല. വര്‍ഷത്തില്‍ ഈ ദിവസം മാത്രമാണ് രാത്രി നാഴികമണി അടിക്കാതിരിക്കുന്നത്. ഇന്ന് രാവിലെ പശുകിടവിന്റെ കരച്ചില്‍ കേട്ടാണ് ഭഗവാന്‍ പള്ളിയുറക്കത്തില്‍ നിന്നുമുണരുക . അതിനായി രാത്രി ക്ഷേത്രത്തിനകത്ത് പശുകിടാവിനെ തയ്യാറാക്കിനിര്‍ത്തിയിട്ടുണ്ട്

pallivetta01

ചൊവ്വാഴ്ചയാണ് ഉത്സവത്തിന്റെ അതിപ്രധാനമായ ഭഗവാന്റെ ആറാട്ട്. ദീപാരാധനക്ക് ശേഷം ഭഗവാന്‍ തന്റെ പ്രജകളെ കാണാന്‍ ജനപഥത്തിലേക്ക് ഏഴു ഴുന്നെള്ളും. വാദ്യകുലപതികള്‍ പങ്കെടുക്കുന്ന പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയാണ് ഗ്രാമപ്രദക്ഷിണത്തിനായി പുറത്തേക്കിറങ്ങുന്നത്. എഴുന്നള്ളിപ്പ് ക്ഷേത്ര കുളത്തിന്റെ വടക്കേ മൂലക്ക് എത്തിയാൽ പഞ്ചവാദ്യം അവസാനിപ്പിച് മേളം ആരംഭിക്കും .മേളത്തിന്റെ അകമ്പടിയോടെ ഗ്രാമപ്രദക്ഷിണം പൂർത്തിയാക്കി ഭഗവതിമാടത്തിലൂടെ ആറാട്ടുകടവില്‍ എത്തുന്ന ഭഗവാന്റെ പഞ്ചലോഹ തിടമ്പ്, മഞ്ഞള്‍ അഭിഷേകത്തിന് ശേഷം രുദ്രതീര്‍ത്തത്തില്‍ ആറാടും. ഭഗവാന്റെ ആറാട്ടിന് ശേഷം ഭക്തര്‍ തീര്‍ത്ഥക്കുളത്തില്‍ കുളിച്ച് ആത്മസായൂജ്യം നേടും. പിന്നീട് ക്ഷേത്രത്തിനകത്ത് കൊമ്പനാന പുറമേറിയഭഗവാന്‍, 11-പ്രദക്ഷിണം ഓടി പൂര്‍ത്തിയാക്കും. തുടര്‍ന്ന് ക്ഷേത്രം തന്ത്രി ചേന്നാസ് സതീശന്‍ നമ്പൂതിരിപ്പാട് സ്വര്‍ണ്ണകൊടിമരത്തില്‍ കയറ്റിയ സപ്തവര്‍ണ്ണകൊടി ഇറക്കുന്നതോടെ ഈ വര്‍ഷത്തെ ഉത്സവങ്ങളുടെ ഉത്സവമായ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് പരിസമാപ്തിയാകും

ഫോട്ടോ നിധിൻ നാരായണൻ