ഗുരുവായൂർ ക്ഷേത്രത്തിൽ മന്ത്രിയെക്കാൾ മുൻഗണന ഹോട്ടൽ മുതലാളിക്ക്
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനു മന്ത്രിയെക്കാൾ മുൻഗണന ഹോട്ടൽ വ്യവസായിക്ക് . ദർശനത്തിന് എത്തിയ മന്ത്രിയും കുടുംബവും കാത്തു നിന്നത് പത്ത് മിനിറ്റോളം . കഴിഞ്ഞ 17 ന് രാവിലെ കുടംബ സമേതം ദർശനത്തിന് എത്തിയ ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനും കുടുംബവുമാണ് ഗുരുവായൂരിലെ വ്യവസായിക്ക് വേണ്ടി കാത്ത് നിൽക്കേണ്ടി വന്നത് . ഭരണ സമിതി അംഗം പി ഗോപിനാഥ് നോടപ്പമാണ് രാവിലെ 6.45 ന് മന്ത്രി ക്ഷേത്രത്തിൽ എത്തിയത് .മന്ത്രിക്ക് വേണ്ടി മറ്റ് ഭക്തരെ മാറ്റിയിരുന്നു .എന്നാൽ സോപാന പടിയുടെ മുന്നിൽ നിന്ന് ദർശനം നടത്തുകയായിരുന്ന വടക്കേ നടയിലെ നക്ഷത്ര ഹോട്ടൽ ഉടമ മന്ത്രിക്ക് വേണ്ടി മാറി കൊടുക്കാൻ തയ്യാറായില്ല . ഹോട്ടൽ മുതലാളിയെ മാറ്റാൻ ദേവസ്വം ജീവനക്കാരും മിനക്കെട്ടില്ല . ക്ഷേത്രത്തിലെ ഉന്നത ഉദ്യോഗസ്ഥനുമായി ഈ ഹോട്ടൽ മുതലാളിക്കുള്ള ബന്ധം അറിയാവുന്നത് കൊണ്ടാണ് ജീവനക്കാർ വിഷയത്തിൽ ഇടപെടാതെ നിന്നതത്രെ. ഗുരുവായൂരിലെ പ്രമുഖ ഹോട്ടലുകളിൽ താമസിക്കാൻ എത്തുന്നവർക്ക് ക്ഷേത്ര ദർശനത്തിന് പ്രത്യേക സൗകര്യം ലഭിക്കുന്നത് ക്ഷേത്രത്തിലെ ഈ ഉന്നത ഉദ്യോഗസ്ഥൻ വഴിയാണെന്നത് പരസ്യമായ രഹസ്യമാണ് . നൂറു കണക്കിന് പേരാണ് ദിവസവും ഈ ഹോട്ടലുകളിൽ നിന്ന് പിൻ വാതിൽ ദർശനത്തിന് എത്തുന്നത് . ശമ്പളത്തേക്കാൾ കൂടിയ തുകയാണ് മാസം തോറും ഹോട്ടലുകളിൽ നിന്നും ഈ ഉദ്യോഗസ്ഥന് ലഭിക്കുന്നത് എന്ന് ആരോപണം ഉണ്ട് .ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന ഭരണ സമിതി യോഗത്തിൽ വിഷയം വരികയും ബഹളം ഉണ്ടാകുകയും ചെയ്തു .ഇതിനിടയിൽ ചെയർമാന്റെ സഹോദരി മരണപ്പെട്ട വിവരം എത്തിയതിനെ തുടർന്ന് യോഗം അവസാനിപ്പിച്ചതോടെ തീരുമാനം എടുക്കാൻ കഴിഞ്ഞില്ല . ഇതിനിടയിൽ വിഷയത്തിൽ മന്ത്രി ശശീന്ദ്രൻ ദേവസ്വം മന്ത്രിയോട് പരാതി പെട്ടതായി അറിയുന്നു