ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വാദ്യകലാകാരന്‍മാര്‍ക്ക് അപ്രഖ്യാപിത ജാതിഭ്രഷ്ട്
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വാദ്യകലാകാരന്‍മാര്‍ക്ക് അപ്രഖ്യാപിത ജാതിഭ്രഷ്ട് !ക്ഷേത്രത്തിനകത്ത് മേല്‍ജാതിയില്‍പ്പെട്ട വാദ്യകലാകാരന്‍മാര്‍ക്ക് മാത്രമാണ് അവസരം നല്‍കുന്നതെന്നും ,ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും വാദ്യകലാകാരന്‍ കലാമണ്ഡലം ചന്ദ്രന്‍ പെരിങ്ങോട് . ക്ഷേത്രത്തില്‍ വിശേഷാവസരങ്ങളില്‍ മേളത്തിനും പഞ്ചവാദ്യത്തിനും തായമ്ബകയ്ക്കും നായര്‍ മുതല്‍ താഴോട്ടുള്ള വിഭാഗക്കാര്‍ക്കൊന്നും പങ്കെടുക്കാനാകില്ല. നിരവധി മേളവിദഗ്ദ്ധര്‍ ഗുരുവായൂരിന്റെ പരിസര പ്രദേശങ്ങളിലുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ അവരെല്ലാം പങ്കെടുക്കാന്‍ വേദികളില്ലാതെ സാമ്ബത്തിക പ്രതിസന്ധിയിലുമാണ്.
കഴിവും പരിചയസമ്ബന്നതയും പരിഗണിക്കാതെ, ദളിത് വിഭാഗക്കാരനായ തന്നെ പലപ്പോഴും ക്ഷേത്രത്തില്‍ നിന്ന് ജാതിയുടെ പേരില്‍ അപമാനിച്ച് ഇറക്കിവിട്ടിട്ടുണ്ടെന്നും ,നിരവധി വാദ്യകലാകാരന്മാര്‍ക്ക് സമാന അനുഭവങ്ങളുണ്ടായിയെന്നും ചന്ദ്രന്‍ പറഞ്ഞു. 45 വര്‍ഷമായി നിരവധി വേദികളില്‍ കൊട്ടിത്തെളിഞ്ഞ കലാകാരനാണ് തിമല വിദഗ്ദ്ധനായ കലാമണ്ഡലം ചന്ദ്രന്‍ പെരിങ്ങോട്. 301 കലാകാരന്മാരുടെ പ്രമാണിയായി മൂന്നര മണിക്കൂറിലേറെ വാദ്യപ്രകടനം നടത്തി ലിംക ബുക്‌സ് ഒഫ് റെക്കോഡ്‌സില്‍ ഇടംപിടിച്ചിട്ടുണ്ട്.
അതേസമയം, ജാതിവിലക്കുള്ളതായി ദേവസ്വം ഔദ്യോഗികമായി സമ്മതിച്ചിട്ടില്ല. 2014ല്‍ ഇലത്താള കലാകാരനായ കല്ലൂര്‍ ബാബുവിനെ ജാതിയുടെ പേരില്‍ പഞ്ചവാദ്യത്തില്‍ പങ്കെടുപ്പിക്കാതെ തിരിച്ചയച്ചത് വിവാദമായിരുന്നു. തുടര്‍ന്ന്, മേളത്തിലും തായമ്ബകയിലും പങ്കെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് വാദ്യകലാകാരന്മാര്‍ അപേക്ഷ നല്‍കിയെങ്കിലും ദേവസ്വം മറുപടി നല്‍കിയില്ല. വാദ്യകലാസംരക്ഷണ സംഘം സെക്രട്ടറി ഇരിങ്ങപ്പുറം ബാബു വിവരാവകാശം വഴി കാരണം ചോദിച്ചപ്പോള്‍, ആരെയെല്ലാം പങ്കെടുപ്പിക്കണമെന്നത് വാദ്യ സബ്കമ്മിറ്റിയുടെ തീരുമാനമാണെന്ന് പറഞ്ഞൊഴിയുകയായിരുന്നു. സബ്കമ്മിറ്റിയുടെ തീരുമാനത്തിന്റെ രേഖ ആവശ്യപ്പെട്ടപ്പോള്‍, രേഖപ്പെടുത്തുന്ന പതിവില്ലെന്നായിരുന്നു മറുപടി.
വാദ്യത്തിനായി നിയമിക്കുമ്ബോള്‍ സാമുദായിക പരിഗണന ദേവസ്വം എംപ്ലോയീസ് റെഗുലേഷനില്‍ വ്യവസ്ഥ ചെയ്തിട്ടില്ലെന്ന് അധികൃതര്‍ സമ്മതിക്കുന്നുണ്ട്. ജാതി തിരിച്ചുള്ള വിലക്കിന് ആധികാരികമായ രേഖകളുണ്ടോയെന്ന ചോദ്യത്തിന് ,ഇല്ലെന്നായിരുന്നു മറുപടി . 2015ല്‍ വാദ്യകലാസംരക്ഷണ സംഘം പ്രസിഡന്റ് പൂങ്ങാട് മാധവന്‍ നമ്ബൂതിരിയും സെക്രട്ടറി ബാബുവും വീണ്ടും അപേക്ഷിച്ചെങ്കിലും തീരുമാനം വാദ്യസബ് കമ്മിറ്റിയുടേതാണെന്ന് ആവര്‍ത്തിച്ച് ദേവസ്വം കൈകഴുകി. വര്‍ഷാവര്‍ഷം രൂപീകരിക്കുന്ന വാദ്യകമ്മിറ്റിയിലെ അംഗങ്ങള്‍ പരാതികള്‍ക്ക് ചെവി കൊടുത്തില്ല. ജാതിവിലക്കിനെതിരെ നിരവധി സമരങ്ങള്‍ നടന്നെങ്കിലും വിലക്കുകള്‍ തുടരുകയായിരുന്നു.പഞ്ചവാദ്യത്തില്‍ മദ്ദളം, കൊമ്ബ്, കുഴല്‍, ഇലത്താളം എന്നിവയ്ക്ക് നായര്‍ സമുദായാംഗങ്ങള്‍ക്ക് പങ്കെടുക്കാം. മറ്റ് വാദ്യോപകരണങ്ങളില്‍ നായര്‍ക്കും അനുമതിയില്ല.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വാദ്യ കലാകാരന്മാര്‍ക്ക് അപ്രഖ്യാപിത ജാതിഭ്രഷ്ടുള്ളതായി ഇതേവരെ ആരുടെയും പരാതി ലഭിച്ചിട്ടില്ലെന്ന് ഇടതു സര്‍ക്കാര്‍ നിയമിച്ച ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി. മോഹന്‍ദാസ് പറഞ്ഞു. അതുകൊണ്ടു തന്നെ ഈ വിഷയം പരിഗണിച്ചിട്ടുമില്ല. മാദ്ധ്യമങ്ങളിലെ വാര്‍ത്തകള്‍ സംബന്ധിച്ച് മറുപടി നല്‍കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.