Post Header (woking) vadesheri

ഗുരുവായൂർ ക്ഷേത്രത്തിൽ വാദ്യ രംഗത്ത് ഇപ്പോഴും ജാതിഭ്രഷ്ട്

Above Post Pazhidam (working)

ഗുരുവായൂർ: പുരോഗമന സർക്കാർ കൊട്ടിഘോഷിച്ച് ക്ഷേത്ര പ്രവേശന വിളംബരത്തിൻറെ 82ാം വാർഷികം ആഘോഷിക്കുമ്പോഴും ഗുരുവായൂർ ക്ഷേത്രത്തിലെ വാദ്യ രംഗത്ത് ഇപ്പോഴും ജാതിഭ്രഷ്ട്. മാരാർ സമുദായത്തിൽ നിന്നും ഉള്ളവർക്ക് മാത്രമാണ് ക്ഷേത്രത്തിൽ മേള ത്തിന് അവസരമുള്ളത്. അടിയന്തിര പ്രവൃത്തിക്കാർ എന്ന പേരിൽ ക്ഷേത്രത്തിലെ നിത്യചടങ്ങുകൾക്കായി വാദ്യവിദഗ്ധരെ നിയമിക്കുമ്പോഴും വിശേഷാവസരങ്ങളിൽ മേളത്തിനും പഞ്ചവാദ്യത്തിനും തായമ്പകക്കുമെല്ലാം കലാകാരന്മാരെ ക്ഷണിച്ചുകൊണ്ടുവരുന്നതുമെല്ലാം ഈ ജാതി സമവാക്യങ്ങൾ തെറ്റാതെയാണ്.

Ambiswami restaurant

വാദ്യരംഗത്തെ ജാതിവിലക്കിനെതിരെ ചില സമരങ്ങളെല്ലാം നടന്നെങ്കിലും വിലക്കുകളെല്ലാം മാറ്റമില്ലാതെ നിൽക്കുന്നു. നായർ മുതൽ താഴോട്ടുള്ള ഹൈന്ദവ വിഭാഗത്തിൽപ്പെടുന്നവർക്കൊന്നും ക്ഷേത്രത്തിനകത്തെ വാദ്യങ്ങളിൽ പങ്കെടുക്കാനാവില്ല. പഞ്ചവാദ്യത്തിൽ മദ്ദളം, കൊമ്പ്, കുഴൽ, ഇലത്താളം എന്നിവക്ക് നായർ സമുദായാംഗങ്ങൾക്ക് പങ്കെടുക്കാമെന്നതാണ് ഇതിനുള്ള അപവാദം. മറ്റ് വാദ്യോപകരണങ്ങളിൽ നായന്മാർക്കും അനുമതിയില്ല. എന്നാൽ വാദ്യ രംഗത്ത് ജാതിവിലക്ക് നിലനിൽക്കുന്നുണ്ടെന്ന് ദേവസ്വം ഔദ്യോഗികമായി സമ്മതിക്കില്ലെന്നത് രസകരമാണ്.

ഇലത്താള കലാകാരനായ കല്ലൂർ ബാബുവിനെ ജാതിയുടെ പേരിൽ പഞ്ചവാദ്യത്തിൽ പങ്കെടുപ്പിക്കാതെ തിരിച്ചയച്ച സംഭവം 2014ൽ ഉണ്ടായി. ഇതിൻറെ തുടർച്ചയായി ആ വർഷത്തെ ഉത്സവത്തിലെ മേളത്തിലും തായമ്പകയിലും പങ്കെടുക്കാൻ വാദ്യകലാകാരന്മാരായ കലാമണ്ഡലം രാജൻ, ചൊവ്വല്ലൂർ മോഹനൻ, ഇരിങ്ങപ്പുറം ബാബു, ചൊവ്വല്ലൂർ ഗംഗാധരൻ, ചൊവ്വല്ലൂർ സുനിൽ, കലാനിലയം കമൽനാഥ്, കെ. ശ്യാമളൻ, ടി. കേശവദാസ്, കലാമണ്ഡലം രതീഷ്, കലാനിലയം സനീഷ്, കലാനിലയം അജീഷ് എന്നിവർ ദേവസ്വത്തിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇവരിൽ ആർക്കും അവസരം നൽകിയില്ലെന്ന് മാത്രമല്ല, അപേക്ഷക്ക് മറുപടി നൽകാനുള്ള മര്യാദപോലും ദേവസ്വം കാണിച്ചില്ല. ഇതേ തുടർന്ന് വാദ്യകലാസംരക്ഷണ സംഘം സെക്രട്ടറി ഇരിങ്ങപ്പുറം ബാബു വിവരാവകാശം വഴി ദേവസ്വത്തോട് കാരണം ആരാഞ്ഞു. എന്നാൽ ആരെയെല്ലാം പങ്കെടുപ്പിക്കണമെന്നത് വാദ്യ സബ്കമ്മിറ്റിയുടെ തീരുമാനമാണെന്ന് പറഞ്ഞൊഴിയുകയാണ് ദേവസ്വം ചെയ്തത്.

Second Paragraph  Rugmini (working)

സബ്കമ്മിറ്റിയുടെ തീരുമാനത്തിൻറെ രേഖ ആവശ്യപ്പെട്ടപ്പോൾ തീരുമാനം രേഖപ്പെടുത്തുന്ന പതിവില്ലെന്നായിരുന്നു മറുപടി. എന്നാൽ വാദ്യത്തിനായി ആളുകളെ നിയമിക്കുമ്പോൾ സാമുദായിക പരിഗണന ദേവസ്വം എംപ്ലോയീസ് റെഗുലേഷനിൽ വ്യവസ്ഥ ചെയ്തിട്ടില്ലെന്ന് അധികൃതർ സമ്മതിച്ചു. ജാതി തിരിച്ചുള്ള വിലക്കിന് ആധികാരികമായ രേഖകളുണ്ടോ എന്ന ചോദ്യത്തിന് ഇത്തരം ആധികാരിക രേഖകളില്ലെന്ന മറുപടിയും ലഭിച്ചുവെന്ന് ഇരിങ്ങപ്പുറം ബാബു പറഞ്ഞു. 2015ൽ വാദ്യകലാസംരക്ഷണ സംഘം പ്രസിഡൻറ് പൂങ്ങാട് മാധവൻ നമ്പൂതിരിയും സെക്രട്ടറി ഇരിങ്ങപ്പുറം ബാബുവും വീണ്ടും അപേക്ഷ നൽകിയെങ്കിലും ദേവസ്വം മൗനം തുടർന്നു. തുടർന്നുള്ള വർഷങ്ങളിലും നായർ സമുദായത്തിലും, പിന്നാക്ക സമുദായങ്ങളിലും ഉള്ളവർ അപേക്ഷ നൽകിയെങ്കിലും ആർക്കും അനുമതി ലഭിച്ചില്ല. എല്ലാം തീരുമാനിക്കുന്നത് വാദ്യ സബ് കമ്മറ്റിയാണെന്ന് പറഞ്ഞ് ദേവസ്വം കൈകഴുകി. എല്ലാ വർഷങ്ങളിലും വലിയ മാറ്റങ്ങൾ കൂടാതെ രൂപവത്ക്കരിക്കുന്ന വാദ്യ കമ്മിറ്റിയിലെ അംഗങ്ങളാട്ടെ ഈ കലാകാരന്മാരെ കേട്ട ഭാവം നടിച്ചില്ല.

ഭൂമാനന്ദ തീർഥയുടെ നേതൃത്വത്തിൽ നടന്ന സമരത്തെ തുടർന്ന് പട്ടിക ജാതിക്കാർക്ക് ക്ഷേത്രത്തിനകത്ത് പഞ്ചവാദ്യത്തിന് അനുമതി ലഭിച്ചതിൻറെ രജത ജൂബിലിയുടെ ഭാഗമായി ക്ഷേത്രത്തിനകത്ത് പഞ്ചവാദ്യത്തിന് അനുമതി നൽകണമെന്ന് വ്യാസ ക്ഷേത്ര കലാസമിതി പ്രസിഡൻറ് ടി.എ. കുഞ്ഞനും സെക്രട്ടറി കെ.എ. സുബ്രഹ്മണ്യനും നൽകിയ അപേക്ഷയിലും തീരുമാനമൊന്നും ഉണ്ടായില്ല. ക്ഷേത്രത്തിനുള്ളിൽ ഭഗവാന് മുന്നിൽ തൻറെ കലാസപര്യ അവതരിപ്പിക്കണം എന്ന മോഹമുള്ള നായർ സമുദായക്കാരും മറ്റ് പിന്നാക്ക സമുദായക്കാരുമെല്ലാം ക്ഷേത്രത്തിന് പുറത്ത് നടയിൽ നിന്ന് നിന്ന് തങ്ങളുടെ കലാ സമർപ്പണം നടത്തുകയാണ് പതിവ്. സംസ്ഥാന ഭരണം മാറുന്നതിനനുസരിച്ച് യു.ഡി.എഫും, എൽ.ഡി.എഫും മാറി മാറി ദേവസ്വം ഭരിക്കുന്നുണ്ടെങ്കിലും വാദ്യരംഗത്തെ അപ്രഖ്യാപിത ഭ്രഷ്ടിന് ആരും വിരാമം കണ്ടില്ല.

Third paragraph

2014ൽ കല്ലൂർ ബാബുവിന് വിലക്കുണ്ടായപ്പോൾ ഡി.വൈ.എഫ്.ഐയും പട്ടിക ജാതി ക്ഷേമ സമിതിയും സി.ഐ.ടി.യുവിൻറെ നേതൃത്വത്തിലുളള വാദ്യകലാകാരന്മാരുടെ സംഘടനയുമൊക്കെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ യു.ഡി.എഫ് മാറി എൽ.ഡി.എഫ് വന്നിട്ടും ഗുരുവായൂരിലെ വാദ്യ വിവേചനത്തിൻറെ കാര്യത്തിൽ ഒന്നും ശരിയായില്ല. ജാതിയുടെ മാത്രം പേരിൽ മികച്ച കലാകാരന്മാർ പലരും ഇപ്പോഴും ക്ഷേത്രത്തിന് പുറത്താണ്. വാദ്യ രംഗത്തെ വിവേചനം പകൽ പോലെ വ്യക്തമായിട്ടും ‘പരാതികളില്ലെന്ന’ ഒഴുക്കൻ മറുപടി പറഞ്ഞൊഴിയുകയാണ് ദേവസ്വം. പരാതികളില്ലെന്ന് പറയുമ്പോഴും വാദ്യാർച്ചനക്കായി സമീപിക്കുന്ന നിരവധി കലാകാരന്മാർ അനുമതി ലഭിക്കാത്തതിൻറെ പേരിൽ ഭഗവാന് മുന്നിൽ നിന്ന് കണ്ണീരൊഴുക്കുന്നത് ദേവസ്വം കണ്ടില്ലെന്ന് നടക്കുകയാണെന്ന് ഇരിങ്ങപ്പുറം ബാബു പറഞ്ഞു. ക്ഷേത്രത്തിൽ വിവേചനങ്ങൾ പാടില്ലെന്ന് നിലപാടെടുക്കുന്ന സർക്കാരും അവരുടെ തന്നെ ദേവസ്വം ഭരണസമിതിയും നിലവിലുള്ളപ്പോൾ ജാതിഭ്രഷ്ടിന് അന്ത്യം കുറിക്കുമെന്നാണ് കലാകാരന്മാരുടെ പ്രതീക്ഷ. കല്ലൂർ ബാബുവിന് വിലക്കേർപ്പെടുത്തിയപ്പോൾ സമരവുമായി രംഗത്തെത്തിയ ഇടതുപക്ഷ സംഘടനകൾക്ക് തങ്ങളുടെ നിലപാടിലെ ആത്മാർഥത തെളിയിക്കാനുള്ള സന്ദർഭമാണിതെന്നും കലാകാരന്മാർ ചൂണ്ടിക്കാട്ടുന്നു.