ഗുരുവായൂരില്‍ കനറാ ബാങ്കിന്‍റെ നെയ്‌ വിളക്കാഘോഷം

Above article- 1

ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ചുള്ള കനറാ ബാങ്കിന്റെ വകയായുള്ള 42-ാമത് സമ്പൂര്‍ണ്ണ നെയ്യ്‌വിളക്കാഘോഷം ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. രാവിലെ ക്ഷേത്രത്തിനകത്ത് നിറമാല, ചുറ്റുവിളക്ക് എന്നിവയ്ക്കുപുറമെ, രാവിലെ പത്മശ്രി പെരുവനം കുട്ടന്‍ മാരാരും, ഗുരുവായൂര്‍ ശശി മാരാരും സംഘവും നയിച്ച പഞ്ചാരിമേളത്തോടേയുള്ള പ്രൗഢഗംഭീരമായ കാഴ്ച്ചശീവേലിയ്ക്ക്, ആനതറവാട്ടിലെ കൊമ്പന്മാരായ കണ്ണന്‍, വിഷ്ണു, ഗോപാലകൃഷ്ണന്‍ എന്നീ ഗജവീരന്മാര്‍ അണിനിരന്നു.

വൈകീട്ട് 5.30-മുതല്‍ 6.30-വരെ ഗുരുവായൂര്‍ മുരളിയും, സംഘവും അവതരിപ്പിച്ച സ്‌പെഷ്യല്‍ നാദസ്വരവും, കലാമണ്ഡലം മഞ്ചേരി ഹരിദാസും, ഗുരുവായൂര്‍ ശശിമാരാരും ചേര്‍ന്ന് ഭഗവതി ക്ഷേത്രാങ്കണത്തില്‍ അവതരിപ്പിയ്ക്കുന്ന ഡബ്ബിള്‍ തായമ്പകയും, രാത്രി ഒമ്പതിന് ഗുരുവായൂര്‍ മുരളിയും, ഗുരുവായൂര്‍ ശശിമാരാരും ചേര്‍ന്നവതരിപ്പിയ്ക്കുന്ന വിശേഷാല്‍ ഇടയ്ക്കാ നാദസ്വരത്തോടേയുള്ള വിളക്കെഴുന്നെള്ളിപ്പ് പ്രദക്ഷിണവും ഉണ്ടായി.

Astrologer

ക്ഷേത്രത്തിനുപുറത്ത് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 7-ന് ഗുരുവായൂര്‍ കനറാബാങ്ക് ചീഫ് മാനേജര്‍ ശ്രീദേവി നായര്‍ ഭദ്രദീപം തെളിയിച്ച് കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ലോക റിക്കോര്‍ഡ് ഉടമ ജ്യോതിദാസിന്റെ സോപാന സംഗീതം, തുടര്‍ന്ന് വൈകീട്ട് 6.30-വരെ ബാങ്ക് ജീവനക്കാരും, കുടുംബാംഗങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും, വൈകീട്ട് 6.30-മുതല്‍ സിഗ്നല്‍സ് ദി റിയല്‍ മ്യൂസിക് ടീം അവതരിപ്പിയ്ക്കുന്ന ”അമ്പാടി തന്നിലൊരുണ്ണി….” എന്ന ഭക്തിഗാനമേളയും അരങ്ങേറി.

തിങ്കളാഴ്ച വ്യാപാരികളുടെ വിളക്ക് ആഘോഷം നടക്കും. മൂന്ന് നേരം മേളത്തിന്റെ അകമ്പടിയിൽ കാഴച ശീവേലി യുണ്ടാകും.രാവിലെ 7 ന് അഷ്ടപദിയോടെ മേൽപത്തൂർ ഓഡിറ്റോറിയത്തിലെ കലാപരിപാടികൾക്ക് തുടക്കമാകും.ജി.വി. രാമനാഥൻ നേതൃത്വം നൽകുന്ന സമ്പ്രദായ ഭജനയും വൈകീട്ട് 6.30ന് ജി.എം.എ വനിതാ വിങ്ങിന്റെ കൈ കൊട്ടിക്കളിയും അരങ്ങേറും. രാത്രി 9.30 ന് യദു പേരാമംഗല്ലൂർ അവതരിപ്പിക്കുന്ന പുല്ലാങ്കുഴൽ കച്ചേരി യുണ്ടാകും.സംസ്ഥാന യുവജനോത്സവ വേദിയിൽ അഞ്ച് തവണ ഒന്നാം സമ്മാനം നേടിയ കലാകാരനാണ് യദു. വയലിനിൽ നാരായണനും മൃദംഗത്തിൽ കുഴൽമന്ദം ജി.രാമകൃഷ്ണനും മുഖർശംഖിൽ കലാമണ്ഡലം ഷൈജുവും പക്കമേളമൊരുക്കും.

Vadasheri Footer