ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളിയിൽ ഓശാന ഞായർ ആചരിച്ചു
ഗുരുവായൂർ: യേശുദേവൻറെ ജറുസലേം നഗരത്തിലേക്കുള്ള രാജകീയ പ്രവേശനത്തെ അനുസ്മരിച്ച് ക്രൈസ്തവർ ഓശാന ഞായർ ആചരിച്ചു. വലിയ ആഴ്ചയാചരണത്തിനും ഞായറാഴ്ച തുടക്കമായി. ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളിയിലെ ഓശാന തിരുക്കർമങ്ങൾ തിരുവെങ്കിടം എ.എൽ.പി സ്കൂളിൽ നിന്ന് ആരംഭിച്ചു. കുരുത്തോലകളുമായി പള്ളിയിലേക്ക് നടന്ന പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. വികാരി ഫാ. സെബി ചിറ്റിലപ്പിള്ളി തിരുക്കർമങ്ങൾക്ക് മുഖ്യകാർമികനായി. കൈക്കാരന്മാരായ ലോറൻസ് നീലങ്കാവിൽ, ജോർജ് പോൾ, പി.ജെ. ക്രിസ്റ്റഫർ എന്നിവർ നേതൃത്വം നൽകി. പെസഹ വ്യാഴാഴ്ചയിലെ തിരുക്കർമങ്ങൾ രാവിലെ 6.30ന് ആരംഭിക്കും. രാത്രി എട്ട് വരെ ആരാധനയും തുടർന്ന് അപ്പം മുറിക്കലും നടക്കും. ദുഃഖവെള്ളിയാഴ്ച രാവിലെ 6.30ന് പീഡാനുഭവ തിരുക്കർമങ്ങളും വൈകീട്ട് നാലിന് പരിഹാര പ്രദക്ഷിണവും നടക്കും.