ഗജരത്നം ഗുരുവായൂർ പദ്മനാഭനെ അനുസ്മരിച്ചു
ഗുരുവായൂര്‍: ഗുരുവായൂരപ്പന്റെ തങ്കതിടമ്പ് ആറ് പതിറ്റാണ്ടിലേറെ ശിരസ്സിലേറ്റിയ ഗജരത്നം പദ്മനാഭനെ ഗുരുവായൂർ ദേവസ്വത്തിന്റെ നേതൃത്വത്തിൽ അനുസ്മരിച്ചു . ഗജരാജന്‍ ഗുരുവായൂര്‍ കേശവനുശേഷം ഗുരുവായൂരില്‍ ആദ്യമായാണ് ഒരാനയെ അനുസ്മരിക്കാന്‍ ദേവസ്വം ചടങ്ങ് സംഘടിപ്പിക്കുന്നത്. . പദ്മനാഭന്‍ അന്ത്യശ്വാസം വലിച്ച കെട്ടുതറിയ്ക്കു സമീപമുള്ള ഹാളിലാണ് അനുസ്മരണം നടന്നത്.
ഗജരത്നത്തിന്റെ ഛായാച്ചിത്രത്തില്‍ പുഷ്പാര്‍ച്ചനയായിരുന്നു ആദ്യം. . കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഏക്കത്തിലും തലപ്പൊക്കത്തിലും പേരെടുത്ത പദ്മനാഭനോളം പെരുമയുള്ള ആനകള്‍ വിരളമാണെന്നും, അതുകൊണ്ടുതന്നെയാണ് ഇത്രയധികം മാധ്യമ ശ്രദ്ധ ആനയ്ക്ക് ലഭിച്ചതെന്നും എം.എല്‍.എ പറഞ്ഞു. ആനകളുടെ കാര്യത്തില്‍ ഇപ്പോഴുള്ള കര്‍ശന നിയമങ്ങളില്‍ ഗുരുവായൂര്‍ ദേവസ്വത്തിന് ഇളവ് നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി.മോഹന്‍ദാസ് അധ്യക്ഷനായി. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ്, കൗണ്‍സിലര്‍ ഷൈലജ സുധന്‍, ദേവസ്വം ഭരണസമിതിയംഗങ്ങളായ കെ.വി. ഷാജി, കെ.വി.മോഹനകൃഷ്ണന്‍, എ.വി. പ്രശാന്ത്, അഡ്മിനിസ്ട്രേറ്റര്‍ ടി. ബ്രീജാകുമാരി, ഡോ: പി.ബി.ഗിരിദാസ്, ആനപ്രേമി സംഘം പ്രസിഡന്റ് കെ.പി.ഉദയന്‍, ആനക്കോട്ട ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ കെ.ആര്‍. സുനില്‍കുമാര്‍, പദ്മനാഭനെ നടയിരുത്തിയ ഒറ്റപ്പാലം ഇ.പി. ബ്രദേഴ്സ് കുടുംബത്തിലെ പ്രതിനിധി ചിത്തരേഷ് തുടങ്ങിയവര്‍ സംസാരിച്ചു