ഗുരുവായൂർ റെയിൽവേ മേൽപ്പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
ഗുരുവായൂർ : കിഫ്ബിയെയും കിഫ്ബി പദ്ധതികളെയും എതിർക്കുന്നവർക്കുള്ള മറുപടിയാണ് ഗുരുവായൂർ റെയിൽവേ മേൽപ്പാലം. നാടിന് ഗുണകരമായ വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞത് കിഫ്ബി ഫണ്ടുകൾ വിനിയോഗിച്ചാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഗുരുവായൂർ റെയില്‍വേ മേല്‍പ്പാലം ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലെവൽ ക്രോസ്സ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 72 പാലങ്ങൾ സംസ്ഥാനത്ത് നിർമ്മിക്കുമെന്ന് .ചടങ്ങിൽ അധ്യക്ഷനായ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. റവന്യൂ മന്ത്രി കെ. രാജന്‍, എന്‍.കെ. അക്ബര്‍ എംഎല്‍എ, ടി.എന്‍. പ്രതാപന്‍ എംപി എന്നിവർ വിശിഷ്ടാതിഥികളായി.
ഗുരുവായൂർ ടൗൺഹാളിൽ നടന്ന ചടങ്ങിൽ എംഎല്‍എമാരായ മുരളി പെരുനെല്ലി, ഇ.ടി. ടൈസൺ മാസ്റ്റർ, പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാനും മുൻ എംഎൽഎയുമായ കെ.വി. അബ്ദുള്‍ ഖാദര്‍, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ വി.കെ. വിജയന്‍, കിഫ്ബി സിഇഒ ഡോ. കെ.എം എബ്രഹാം, സതേണ്‍ റെയില്‍വേ ചീഫ് എഞ്ചിനീയര്‍ വി. രാജഗോപാലന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായി. നഗരസഭംഗങ്ങൾ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, കരാറുകാർ ഉദ്യോഗസ്ഥർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. ആര്‍.ബി.ഡി.സി.കെ ജനറല്‍ മാനേജര്‍ ടി.എസ് സിന്ധു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആര്‍.ബി.ഡി.സി.കെ മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് സ്വാഗതവും ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ എം. കൃഷ്ണദാസ് നന്ദിയും പറഞ്ഞു.
മുഖ്യ മന്ത്രി ഓൺലൈനിൽ ഉത്ഘാടനം നടത്തുന്നതിനിടെ സ്റ്റേജിലേക്ക് കടന്നു വന്ന മന്ത്രി മുഹമ്മദ് റിയാസിന് നേരെ കാണികളിൽ ഒരാൾ കരിങ്കൊടി വീശി . മാമാബസാർസ്വദേശി ബഷീർ ആണ് ഉടുത്തിരുന്ന കറുത്ത മുണ്ട് ഉരിഞ്ഞ് മന്ത്രിക്കു നേരെ വീശിയത് ഉടൻ തന്നെ പോലീസ് ഇയാളെ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഇയാൾക്ക് മർദ്ദനമേൽക്കുകയും ചെയ്തു. ഇയാൾക്ക് രാഷ്ട്രീയ പാർട്ടികളുമായി ബന്ധമില്ലെന്നും മദ്യ ലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി ഫണ്ടില്‍ നിന്നും 24.54 കോടി രൂപയാണ് റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണത്തിന് അനുവദിച്ചത്. 2017 ലാണ് പദ്ധതിക്ക് കിഫ്ബി അംഗീകാരം ലഭ്യമായത്. റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണത്തിനായി 23 സെന്റ് സ്ഥലവും സര്‍ക്കാര്‍ ഏറ്റെടുത്തു. 2017 നവംബര്‍ മാസത്തില്‍ റോഡ് ആന്റ് ബ്രിഡ്ജസ് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍സ് ഓഫ് കേരള (ആര്‍ബിഡിസികെ) സ്ഥലമേറ്റെടുക്കുന്നതിനായുള്ള സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിച്ചു. തുടര്‍ന്ന് ചെന്നൈ ഐഐടിയുടെ അനുമതി ലഭ്യമായി. 2021 ജനുവരിയില്‍ നിര്‍മ്മാണ ഉദ്ഘാടനം നടത്തി. ഡിസംബറില്‍ പൈലിങ് പ്രവൃത്തി ആരംഭിച്ചു.
.
കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മാണം ആരംഭിച്ച കേരളത്തിലെ പത്ത് റെയില്‍വേ മേല്‍പ്പാലങ്ങളില്‍ ആദ്യം നിര്‍മ്മാണം പൂര്‍ത്തികരിച്ചത് ഗുരുവായൂരിലേതാണെന്ന പ്രത്യേകതയുമുണ്ട്. സ്റ്റീല്‍ കോണ്‍ക്രീറ്റ് കോമ്പോസിസ്റ്റ് സ്ട്രക്ചര്‍ മാതൃക ഉപയോഗിച്ചാണ് നിര്‍മ്മാണം നടത്തിയത്. റോഡ് ആന്റ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍സ് ഓഫ് കേരളയ്ക്കായിരുന്നു (ആര്‍ബിഡിസികെ) നിര്‍മ്മാണ ചുമതല. 5 സ്പാനുകളിലായി 22 ഗര്‍ഡറുകളുമാണ് മേല്‍പ്പാല നിര്‍മ്മാണത്തിന് ഉപയോഗിച്ചത്.
റെയില്‍വേ ഗേയ്റ്റിന് മുകളിലൂടെ 517.32 മീറ്റര്‍ ദൂരത്തിലാണ് റെയില്‍വേ മേല്‍പ്പാലം. 10.15 മീറ്ററാണ് വീതി. ഗതാഗത സഞ്ചാരത്തിനായി ബിഎം ബിസി നിലവാരത്തില്‍ 7.5 മീറ്റര്‍ വീതിയിലായി റോഡും 1.5 മീറ്റര്‍ വീതിയിലായി നടപ്പാതയും ഒരുക്കിയിട്ടുണ്ട്. പഴയ റോഡ് നാലു മീറ്റര്‍ വീതിയില്‍ സര്‍വ്വീസ് റോഡായി ഉപയോഗിക്കും. മേല്‍പ്പാലത്തിനു താഴെ പ്രഭാത സവാരി, ഓപ്പണ്‍ ജിം എന്നിവ എംഎല്‍എ ഫണ്ട് വിനിയോഗിച്ച് നടപ്പാക്കും.