Madhavam header
Above Pot

ഗുരുവായൂർ ക്ഷേത്രത്തിലെ ജാതി വിവേചനത്തിനെതിരെ പരാതിയുമായി യുവാവ്

Astrologer

ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തിലെ ജാതി വിവേചനത്തിനെതിരെ പരാതിയുമായി യുവാവ് .ക്ഷേത്രത്തിനകത്ത് ചെണ്ടവാദ്യം നടത്തി ഗുരുവായൂരപ്പന് ഉപാസന നടത്താനാകുന്നില്ലെന്നും ജാതി വിവേചനമാണെന്നും കാട്ടി വാദ്യകലാകാരൻ പി.സി വിഷ്ണുവാണ് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന് പരാതി നല്‍കിയത്.

നായര്‍ സമുദായത്തില്‍പെട്ടവര്‍ക്ക് ചില വാദ്യങ്ങളില്‍ പങ്കെടുക്കാന്‍ അവസരമുള്ളപ്പോള്‍ മറ്റു ചില വാദ്യങ്ങളില്‍ അയിത്തം കല്‍പ്പിക്കുന്നതായും വിഷ്ണു പരാതിയില്‍ പറയുന്നു. ദളിത് വിഭാഗക്കാര്‍ക്ക് ഒരു വാദ്യകലകളില്‍ പോലും പങ്കെടുക്കാനോ, അവതരിപ്പിക്കാനോ അനുമതിയില്ല. വിശേഷാവസരങ്ങളില്‍ മേളത്തിനും, പഞ്ചവാദ്യത്തിനും, തായമ്പകയ്ക്കും, തിരഞ്ഞെടുക്കുന്നത് മേല്‍ജാതിയില്‍പെട്ട വാദ്യകലാകാരന്മാരെയാണ്. നേരത്തെ ഇതേ ആവശ്യമുന്നയിച്ച്‌ ദേവസ്വത്തിന് കത്ത് നല്‍കിയിട്ടും ഇതുവരെയും മറുപടി നല്‍കാത്തതിനെയും വിഷ്ണു വിമര്‍ശിക്കുന്നു.

രണ്ട് വര്‍ഷം മുന്‍മ്പ് ഗുരുവായൂര്‍ ദേവസ്വം വാദ്യവിദ്യാലയത്തിന്റെ 42ാം വാര്‍ഷിക ആഘോഷ ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി മോഹന്‍ദാസ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ വാദ്യരംഗത്തെ ജാതിവിവേചനം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഗുരുകുല രീതിയില്‍ 10 വയസ് മുതല്‍ ചെണ്ട അഭ്യസിക്കുകയും നിരവധി വേദികളിലും, സ്‌കൂള്‍ തലത്തിലും, കാലിക്കറ്റ് സര്‍വ്വകലാശാല കലോത്സവത്തിലടക്കം വിജയിയുമാണ് വിഷ്ണു.

ഗുരുവായൂരപ്പ ഭക്തനും ഗുരുവായൂര്‍ സ്വദേശിയും ആയിരുന്നിട്ടും ക്ഷേത്രത്തിനകത്ത് ചെണ്ടമേളം, തായമ്പക എന്നിവ അവതരിപ്പിക്കാനോ അത്തരം ജോലികളിലേക്കൊ പരിഗണിക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നു. നേരത്തെ ഗുരുവായൂരില്‍ വാദ്യകലാകാരന്മാരായ കല്ലൂര്‍ ബാബുവിനും, പെരിങ്ങോട് ചന്ദ്രനും വിലക്ക് ഏര്‍പ്പെടുത്തിയത് വിവാദമായിരുന്നു. ദേവസ്വം ഓഫീസില്‍ നേരിട്ടെത്തിയാണ് വിഷ്ണു ചെയര്‍മാനുള്ള പരാതി അധികാരികളെ ഏല്‍പ്പിച്ചത്. ഗുരുവായൂരിലെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റാണ് തിരുവെങ്കിടം സ്വദേശിയായ വിഷ്ണു.

Vadasheri Footer