ഗുരുവായൂരിൽ അഭൂതപൂർവമായ തിരക്ക് ,പൊലീസിന് ചാകര
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ അഭൂതപൂർവമായ ഭക്തജന തിരക്ക് പോലീസിന് ചാകരയായി പാർക്കിങ് ഗ്രൗണ്ട് നിറഞ്ഞതിനാൽ ഇന്നർ റിങ്ങ് റോഡിലും ഔട്ടർ റിങ്ങ് റോഡിലും വാഹനങ്ങൾ നിറഞ്ഞു , ഇതിനു പുറമെ പഞ്ചാരമുക്ക് വരെ വാഹനങ്ങളുട പാർക്കിങ് നീണ്ടു . റോഡുകളിൽ പാർക്ക് ചെയ്ത വാഹനങ്ങൾക്ക് പോലീസ് പിഴ അടക്കാനുള്ള നോട്ടീസ് സമ്മാനമായി നൽകി .ദേവസ്വം ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണം ദേവസ്വം മെഡിക്കൽ സെന്ററിന് സമീപമുള്ള പാർക്കിങ് ഗ്രൗണ്ട് തുറന്നു കൊടുത്തില്ല.
സംഘടനാ പ്രവർത്തനത്തിൽ മാത്രം ഊന്നൽ കൊടുക്കുന്നത് കൊണ്ട് ഇതൊന്നും ശ്രദ്ധിക്കാൻ നേരമില്ലത്രെ .ഗുരുവായൂരിൽ എത്തുന്ന ഭക്തർക്ക് അടിസ്ഥാന സൗകര്യം എന്ന് ഏതു നേരവും പറയുന്ന ഭരണ സമിതി ഉള്ള സൗകര്യം ശരിയായ രീതിയിൽ വിനിയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നുമില്ല . ഗുരുവായൂരിൽ എത്തിയാൽ പോലീസിന്റെ പിഴ ലഭിക്കുമെന്ന് വന്നാൽ ഗുരുവായൂരിലേക്ക് വരാൻ തന്നെ ആളുകൾ മടിക്കും. ഇന്നർ റിങ്ങ് റോഡിൽ വാഹനങ്ങൾ നിറഞ്ഞതിനാൽ ഉച്ച വരെ വലിയ ഗതാഗത കുരുക്കും അനുഭവപ്പെട്ടു .
മീനത്തിലെ നല്ല മുഹൂര്‍ത്തമുള്ള ദിവസമായതിനാൽ . 122 വിവാഹങ്ങളാണ് ക്ഷേത്രസന്നിധിയില്‍ ശീട്ടാക്കിയിരുന്നത്. ഇതില്‍ 118 വിവാഹങ്ങള്‍ നടന്നു. പുലര്‍ച്ചെ അഞ്ച് മുതല്‍ ഒരേ സമയം മൂന്ന് മണ്ഡപങ്ങളിലുമായാണ് താലികെട്ട് നടന്നത്. 990 കുരുന്നുകള്‍ക്ക് ചോറൂണും നല്‍കി. ദര്‍ശനത്തിന് പുലര്‍ച്ചെ നിര്‍മാല്യ ദര്‍ശനം മുതലേ ഭക്തരുടെ നീണ്ട നിരയായിരുന്നു. 467 പേര്‍ ശ്രീലകത്ത് നെയ് വിളക്ക് ശീട്ടാക്കി ദര്‍ശനം നടത്തി. ഈ ഇനത്തില്‍ മാത്രമായി 9,33,890 രൂപ ദേവസ്വത്തിന് ലഭിച്ചു. 5,21,226 രൂപയുടെ പാല്‍പായസവും 1,95,390 രൂപയുടെ നെയ് പായസവും ഭക്തര്‍ ശീട്ടാക്കി. പോലീസും ദേവസ്വം സെക്യൂരിറ്റി ജീവനക്കാരും നന്നേ പാട്‌പെട്ടാണ് തിരക്ക് നിയന്ത്രിച്ചത്. ദേവസ്വം സെക്യൂരിറ്റി ചീഫ് വി.ഹരിദാസിന്റെ നേതൃത്വത്തില്‍ ക്ഷേത്രത്തിനകത്തും പുറത്തുമായി 58 ജീവനക്കാരെയാണ് നിയോഗിച്ചിരുന്നത്.