Above Pot

വ്രതശുദ്ധിയുടെ നിറവില്‍ ഗുരുവായൂര്‍ ഏകാദശി ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു

ഗുരുവായൂര്‍ : ഏകാദശി വ്രതശുദ്ധിയുടെ നിറവില്‍ പതിനായിരങ്ങളുടെ കണ്ഠങ്ങളില്‍ നിന്നുമുതിര്‍ന്ന ഹരിനാമകീര്‍ത്തനങ്ങളുടെ അലയൊലിയില്‍ ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. ഭഗവദ് വിഗ്രഹ ദര്‍ശന സുകൃതം നേടാന്‍ ഏകാദശി വ്രതം അനുഷ്ഠിച്ച് പതിനായിരങ്ങളാണ് ഗുരുപവനപുരിയിലേക്ക് ഒഴുകിയെത്തിയത് . ഏകാദശി ദിനത്തില്‍ ദേവസ്വത്തിന്റെ വകയായി ഉദയാസ്തമന പൂജയുമുണ്ടായി. രാവിലെ ഉഷപൂജക്കു ശേഷം നടന്ന കാഴ്ചശീവേലിക്ക്, ഗുരുവായൂര്‍ ദേവസ്വം ആനതറവാട്ടിലെ ഗജകേസരി ഗോകുല്‍ ഭഗവാന്റെ സ്വര്‍ണ്ണക്കോലമേറ്റി. പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ മേളത്തിന്റെ അകമ്പടിയില്‍ മൂന്നാനകളോടെ നടന്ന കാഴ്ച്ചശീവേലിക്ക്, കൊമ്പന്‍ വലിയ വിഷ്ണുവും, ശ്രീധരനും പറ്റാനകളായി.

First Paragraph  728-90

Second Paragraph (saravana bhavan

ഏകാദശി ദിനത്തിലാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയെന്നാണ് ഐതിഹ്യം. ദേവഗുരുവായ ബൃഹസ്പതിയും, വായുദേവനും ചേര്‍ന്ന് നിര്‍വഹിച്ചതെന്നാണ് ഐതിഹ്യം . അര്‍ജുനന് ശ്രീകൃഷ്ണന്‍ ഭഗവദ്ഗീത ചൊല്ലിക്കൊടുത്ത ദിവസം കൂടി ആയതിനാല്‍, ഏകാദശിദിവസം ദേവസ്വം ഗീതാദിനമായും ആചരിച്ചുവരുന്നു. രാവിലെ പാര്‍ഥസാരഥി ക്ഷേത്രത്തിലേക്ക് പഞ്ചവാദ്യത്തി്‌ന്റെ അകമ്പടിയോടെ നടന്ന എഴുന്നെള്ളിപ്പിന് കൊമ്പന്‍ ഗോകുല്‍ ഭഗവാന്റെ തിടമ്പേറ്റി. ദാമോദര്‍ദാസും, ചെന്താമരാക്ഷനും പറ്റാനകളായി.

ഏകാദശി വ്രതമെടുത്ത ഭക്തര്‍ക്ക് പ്രസാദ ഊട്ടിന് വിപുലമായ സംവിധാനങ്ങളാണ് ദേവസ്വം ഏര്‍പ്പെടുത്തിയിരുന്നത്. പടിഞ്ഞാറെ നടയിലെ അന്നലക്ഷ്മി ഹാളിലും, അന്നലക്ഷ്മി ഹാളിനോട് ചേര്‍ന്നൊരുക്കിയ പന്തലിലും, തെക്കേ നടയില്‍ പുതിയതായി പണികഴിച്ച പന്തലിലുമായി ഏകാദശി പ്രസാദ ഊട്ടില്‍ ഇരുപതിനായിരത്തോളം ഭക്തര്‍ പങ്കുകൊണ്ടു. ഗോതമ്പുചോറ്, രസകാളന്‍, പുഴുക്ക്, അച്ചാർ ,തൈര് , ഗോതമ്പുപായസം എന്നിവയോടെയായുള്ള ഏകാദശി വ്രതവിഭവങ്ങളായിരുന്നു, പ്രസാദ ഊട്ടിന്.

ക്ഷേത്രത്തില്‍ വൈകീട്ട് കേളി, മദ്ദളപ്പറ്റ്, തായമ്പക എന്നിവയുമുണ്ടായി. ഗീതാദിനത്തിന്റെ ഭാഗമായി സന്ധ്യക്ക് പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് കൃഷ്ണന്‍ അര്‍ജുനന് ഗീതോപദേശം നല്‍കുന്നതിന്റെ പ്രതിമ സ്ഥാപിച്ച രഥം, നാമജപമന്ത്രങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിച്ചു. രാത്രി വിളക്കെഴുന്നെള്ളിപ്പിന്റെ നാലാമത്തെ പ്രദക്ഷിണം ഇടയ്ക്കാ നാദസ്വരത്തോടെ നടക്കുമ്പോള്‍, ക്ഷേത്രത്തിന്റെ അകത്തളം നെയ്‌വിളക്കിന്റെ നിറശോഭയിലാണ് തെളിഞ്ഞുനിന്നത്. മേളത്തിന്റെ അകമ്പടിയോടെയായിരുന്നു അഞ്ചാമത്തെ പ്രദക്ഷിണം.

ഏകാദശിയുടെ സമാപനമായി നാളെ (ബുധന്‍) ദ്വാദശി പണസമര്‍പ്പണവും, വ്യഴാഴ്ച നടക്കുന്ന ത്രയോദശി ഊട്ടും നടക്കുന്നതോടെ ഏകാദശി ചടങ്ങുകള്‍ പൂര്‍ത്തിയാകും. പുലര്‍ച്ചെ 12-മുതല്‍ ഇന്ന് രാവിലെ 9-വരെയാണ് ദ്വാദശിപണ സമര്‍പണചടങ്ങ്. ദ്വാദശി സമര്‍പണത്തിന് ശേഷം നാളെ രാവിലെ 9-മണിയ്ക്ക് ക്ഷേത്രനടയടക്കും. തുടര്‍ന്ന് തന്ത്രിമാരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കീഴ്ശാന്തിമാര്‍ രുദ്രതീര്‍ത്ഥക്കുളവും, ഓതിക്കന്‍മാര്‍ മണിക്കിണറും, ശ്രീലകവും പുണ്യാഹം നടത്തും. പിന്നീട് ഉച്ചതിരിഞ്ഞ് 4.30ന് ശുദ്ധിവരുത്തിയ ശേഷമാണ് നട തുറക്കുക.

ഏകാദശി വ്രതം നോറ്റവര്‍ക്കായി നാളെ (ബുധന്‍) ദ്വാദശി ഊട്ടും നല്‍കും. കാളന്‍, ഓലന്‍, എരിശ്ശേരി, മോര്, വറുത്തുപ്പേരി, പപ്പടം, നെല്ലിക്ക ഉപ്പിലിട്ടത്, ഇടിച്ചുപിഴിഞ്ഞ പായസം എന്നീ വിഭവങ്ങളാണ് ദ്വാദശി ഊട്ടിലുണ്ടാകുക. ഗുരുവായൂരപ്പന്‍ നേരിട്ട് ഭക്തന് ശ്രാദ്ധം ഊട്ടുന്നുവെന്ന സങ്കല്‍പത്തിലാണ് വ്യാഴാഴ്ച ത്രയോദശി ഊട്ട് നല്‍കുന്നത്. ത്രയോദശി ഊട്ടോടെ ഏകാദശി ചടങ്ങുകള്‍ക്ക് പരിസമാപ്തിയാകും.