Madhavam header
Above Pot

ശുക്ലപക്ഷ ഏകാദശി ആഘോഷത്തിനായി ഗുരുപവനപുരി ഒരുങ്ങി

ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ചുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി. മോഹന്‍ദാസ് അറിയിച്ചു. വൃശ്ചികമാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് ഗുരുവായൂര്‍ ഏകാദശി. ഏകാദശിദിവസത്തെ ഉദയാസ്ഥമന പൂജയ്ക്ക് രണ്ടര ലക്ഷം രൂപയും, ഏകാദശി, ദ്വാദശി, ത്രയോദശി തുടങ്ങിയ മൂന്നുദിവസത്തെ പ്രസാദ ഊട്ടിന് 24,06,667-രൂപയും, പന്തല്‍, വൈദ്യുതാലങ്കാരം, പുഷ്പാലങ്കാരം തുടങ്ങിയവയ്ക്കായി 40,69,717-രൂപയുടെയും എസ്റ്റിമേറ്റ് ആണ് ഭരണസമിതി തയ്യാറാക്കിയിട്ടുള്ളത് .

zumba adv

Astrologer

ഏകാദശിദിവസം രാവിലെ ദേവസ്വം ആനതറവാട്ടിലെ പ്രഗദ്ഭരായ കൊമ്പന്മാര്‍ അണിനിരന്നുള്ള പ്രൗഢഗംഭിരമായ കാഴ്ച്ചശീവേലിയ്ക്ക്, പത്മശ്രി പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തിലുള്ള പഞ്ചാരിമേളം അകമ്പടിയാകും. തുടര്‍ന്ന് 9-ന് പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേയ്ക്കുള്ള എഴുന്നെള്ളിപ്പിന് വൈക്കം ചന്ദ്രന്റെ നേതൃത്വത്തിലുള്ള പഞ്ചവാദ്യം അകമ്പടിയാകും. ദശമി ദിനമായ ശനിയാഴ്ച രാവിലെ 3-ന് നടതുറന്നാല്‍, ഏകാദശിയും കഴിഞ്ഞ് ദ്വാദശി ദിനമായ തിങ്കളാഴ്ച്ച രാവിലെ 9-വരെ തുടര്‍ച്ചയായി 54-മണിക്കൂര്‍ നടതുറന്നിരിയ്ക്കും. ഏകാദശിദിവസം പ്രസാദ ഊട്ട് ക്ഷേത്രത്തിന് തെക്കുഭാഗത്തെ പന്തലിലും, പടിഞ്ഞാറുഭാഗത്തെ അന്നലക്ഷ്മിഹാളിലുമായി നടക്കും. രണ്ട് സ്ഥലങ്ങളിലുമായി ഒരേസമയം 2000-പേര്‍ക്ക് പ്രസാദ ഊട്ടില്‍ പങ്കെടുക്കാം. ഏകാദശി ദിനത്തില്‍ നാല്‍പ്പതിനായിരത്തില്‍പ്പരം ഭക്തര്‍ക്ക് പ്രസാദഊട്ട് ഒരുക്കിയിട്ടുള്ളതായും ചെയര്‍മാന്‍ അറിയിച്ചു.

ഗോതമ്പചോറ്, രസകാളന്‍, പുഴുക്ക്, അച്ചറ്, ഗോതമ്പ് പായസം എന്നിവയാണ് ഏകാദശി ഊട്ടിന്റെ വിഭവങ്ങള്‍. ഏകാദശി വൃംനോറ്റ ഭക്തര്‍ക്കുള്ള ദ്വാദശിപണ സമര്‍പ്പണം 8-ന് രാത്രി 12-മണിയ്ക്ക് ക്ഷേത്രം കൂത്തമ്പലത്തില്‍ ആരംഭിയ്ക്കും. ശുകപുരം, പെരുവനം, ഇരിങ്ങാലക്കുട തുടങ്ങിയ ഗ്രാമങ്ങളില്‍നിന്നുള്ള എട്ട് അഗ്നിഹോത്രികള്‍ ദ്വാദശിപണം സ്വീകരിയ്ക്കും. രാവിലെ 9-ന് നടയടയ്ക്കുന്നതിനാല്‍ എട്ടുമണിവരെ ദ്വാദശിപണ സമര്‍പ്പണം തുടരും. ദ്വാദശിദിവസമായ തിങ്കളാഴ്ച്ച പ്രസാദ ഊട്ട് രാവിലെ 7-ന് ആരംഭിയ്ക്കും. ചോറ്, കാളന്‍, ഓലന്‍, പപ്പടം, എലിശ്ശേരി, നെല്ലിയ്ക്കാ അച്ചാര്‍, കായ വറവ്, ഇടിച്ചുപിഴിഞ്ഞ പായസം തുടങ്ങിയവയാണ് ദ്വാദശിയൂട്ടിന്റെ വിഭവങ്ങള്‍. ചൊവ്വാഴ്ച്ച, ചോറിന് പുറമെ രസം, മത്തങ്ങാതോരന്‍, പച്ചടി, കൂട്ടുകറി, അച്ചാര്‍, പിണ്ടിപായസം എന്നിവയോടെ വിഭവങ്ങളുമായുള്ള ത്രയോദശി ഊട്ടോടെ ഈ വര്‍ഷത്തെ ഗുരുവായൂര്‍ ഏകാദശി മഹോത്സവത്തിന് സമാപനമാകും. ഈ വര്‍ഷത്തെ ഗുരുവായൂര്‍ ഏകാദശി കുറ്റമറ്റ രീതിയില്‍ നടത്തുന്നതിന് എല്ലാ ഭക്തജനങ്ങളുടേയും സഹായ സഹകരണങ്ങള്‍ ചെയര്‍മാന്‍ അഭ്യര്‍ത്ഥിച്ചു.

Vadasheri Footer