അഴുക്കുചാൽ പദ്ധതി യുടെ നിശ്ചലാവസ്ഥ , ഗുരുവായൂർ ട്രീറ്റ്മെന്റ് ആക്ഷൻ കൗൺസിൽ സമര രംഗത്തേക്ക്
ഗുരുവായൂർ: ഗുരുവായൂർ അഴുക്കുചാൽ പദ്ധതി പ്രാവർത്തികമാക്കാത്തതുമൂലം ദുരിതമനുഭവിക്കുന്ന അങ്ങാടിത്താഴം, ചക്കംകണ്ടം, പാലയൂർ മേഖലകളിലെ ജനങ്ങൾ “നിലവിളികളോടെ തെരുവിലേക്ക് ” ക്യാമ്പയിനുമായി പൊതുജന സഹകരണം ഉറപ്പാക്കി നിയമ-സമര പോരാട്ടത്തിലേക്ക് കാലെടുത്തു വെക്കുന്നു. കക്ഷി – രാഷ്ട്രീയത്തിനധീതമായി മുഴുവൻ ജനങ്ങളെയും അണിനിരത്തിയുള്ള സമരത്തിന് നേതൃത്വം നൽകാൻ ഗുരുവായൂർ ട്രീറ്റ്മെന്റ് ആക്ഷൻ കൗൺസിൽ തീരുമാനിച്ചു. വായുവും, വെള്ളവും മലിനീകരിക്കപ്പെട്ട് ജീവിക്കാനുള്ള മൗലീകാവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യം സംജാതമായിട്ടും അധികൃതർ മൗനം പാലിക്കുന്നതിനെതിരെയാണ് സമരം രൂപപ്പെടുത്തുന്നത്. നവംബർ 5ന് വൈകീട്ട് 3.30ന് അങ്ങാടിത്താഴം മദ്രസ്സ ഹാളിൽ ചേരുന്ന നിയമ-സമര പോരാട്ട പ്രഖ്യാപന സമ്മേളനം സാമൂഹ്യ പ്രവർത്തകനും, കിഡ്നി ഫൗണ്ടേഷൻ ചെയർമാനുമായ ഫാ. ഡേവീസ് ചിറമ്മൽ ഉദ്ഘാടനം ചെയ്യും. ട്രീറ്റ്മെന്റ് ആക്ഷൻ കൗൺസിൽ പ്രസിഡണ്ട് നൗഷാദ് അഹമ്മു അധ്യക്ഷത വഹിക്കും.