പൊട്ടക്കുഴി കൃഷ്ണൻ നമ്പൂതിരി ഗുരുവായൂർ ക്ഷേത്രത്തിലെ പുതിയ മേൽശാന്തി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി ക്ഷേത്രത്തിലെ ഓതിക്കൻ കൂടിയായ കൂറ്റനാട് തെക്കേ വാവന്നൂർ പൊട്ടക്കുഴി മനയിലെ കൃഷ്ണൻ നമ്പൂതിരിയെ (44 ) തിരഞ്ഞെടുത്തു . ഉച്ചപൂജക്ക് ശേഷം നമസ്കാര മണ്ഡപത്തിൽ വച്ച് ഇപ്പോഴത്തെ മേൽശാന്തിയാണ് നറുക്കെടുപ്പ് നടത്തിയത് . തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് , ദേവസ്വം ചെയർ മാൻ അഡ്വ കെ ബി മോഹൻദാസ് , ഭരണസമിതി അംഗങ്ങൾ ആയ പി ഗോപിനാഥ് , കെ കെ രാമചന്ദ്രൻ , മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് , എ വി പ്രശാന്ത് , അഡ്മിനി സ്ട്രാറ്റർ എസ് വി ശിശിർ എന്നിവർ സംബന്ധിച്ചു .

59 അപേക്ഷരിൽ തന്ത്രിയുമായി കൂടിക്കാഴ്ചക്ക് എത്തിയ 53 പേരിൽ യോഗ്യത നേടിയ 50 പേരെ യാണ് നറുക്കെടുപ്പിൽ ഉൾപ്പെടുത്തിയത് .
കൃഷ്ണൻനമ്പൂതിരിക്ക് ഇത് രണ്ടാമൂഴമാണ് മേൽശാന്തി നിയോഗം . നേരത്തെ 2011 ഒക്ടോബർ 1 മുതൽ മേൽശാന്തിയായിരുന്നിട്ടുണ്ട് . അച്ഛൻ പൊട്ടക്കുഴി നീലകണ്ഠൻ നമ്പൂതിരി രണ്ടു തവണ മേൽശാന്തിയായിരുന്നു . ‘അമ്മ പെരിന്തൽമണ്ണ ചെത്തല്ലൂർ കറുത്തേടത്ത് മന ദേവകി അന്തർജ്ജനം . ബാലുശ്ശേരി പാലക്കാട് മനയിലെ ശുഭയാണ് ഭാര്യ . ദേവിക (രണ്ടാം ക്‌ളാസ് ) പാർവ്വതി (ഒന്നാം ക്‌ളാസ് ) രണ്ടു വയസുകാരൻ ഹരി എന്നിവരാണ് മക്കൾ . തെക്കേ നടയിൽ സമൂഹ മഠം റോഡിലാണ് ഇപ്പോൾ താമസം . സഹോദരൻ നാരായണൻ നമ്പൂതിരിയിൽ നിന്നാണ് പൂജാ വിധികൾ അഭ്യസിച്ചത് .മറ്റൊരു സഹോദരൻ ദിവാകരൻ നമ്പൂതിരി ഗുരുവായൂരിൽ മേൽശാന്തിയായിരുന്നു . 96 മുതൽ അഞ്ച് വർഷക്കാലം ബാംഗ്ലൂരിൽ വിഷ്ണു ക്ഷേത്രത്തിലെ മേൽ ശാന്തിയായിരുന്നിട്ടുണ്ട് . ഏപ്രിൽ ഒന്ന് മുതൽ ആറു മാസക്കാലമാണ് പുതിയ മേൽശാന്തിയുടെ കാലാവധി .