Madhavam header
Above Pot

കോവിഡ്, ഗുരുവായൂരിൽ ഏകാദശി വിളക്കും ചെമ്പൈ സംഗീതോത്സവവും ചടങ്ങ് മാത്രമാകും

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഏകാദശി വിളക്കുകൾ ഒക്ടോബർ 27 മുതൽ നവംബർ 25 വരെ ചടങ്ങ് മാത്രമാക്കി നടത്താൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. കോവിഡ് രോഗവ്യാപന പശ്ചാത്തലത്തിൽ ഒരാനയെ മാത്രം വെച്ചുള്ള എഴുന്നുള്ളിപ്പോടു കൂടി ചടങ്ങുകൾ നടത്തും. ഒപ്പം ചെമ്പൈ സംഗീതോത്സവവും ചടങ്ങ് മാത്രമാക്കി നടത്താൻ തീരുമാനിച്ചു. പഞ്ചരത്ന കീർത്തനാലാപനം പരിമിതമായ എണ്ണം സംഗീതജ്ഞരെ ഉൾക്കൊള്ളിച്ച് നടത്താനും ചെമ്പൈ പുരസ്കാരം വായ്പാട്ട് വിഭാഗത്തിലെ പ്രശസ്തനായ സംഗീതജ്ഞന് നൽകാനും തീരുമാനമായി. പുരസ്കാര ജേതാവിനെ കണ്ടെത്താനുള്ള സബ്കമ്മിറ്റിയെ ഭരണസമിതി നിശ്ചയിക്കും.

ഗുരുവായൂർ ക്ഷേത്രത്തിലും ക്ഷേത്രത്തിന്റെ കീഴേടം ക്ഷേത്രങ്ങളിലും ഈ വർഷത്തെ നവരാത്രി ആഘോഷങ്ങളും ചടങ്ങ് മാത്രമാകും. ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് ഇത്തവണ എഴുത്തിനിരുത്ത് ഉണ്ടാകില്ല. അഷ്ടമംഗല പ്രശ്നത്തിന്റെ നിർദ്ദേശപ്രകാരം വർഷംതോറും നടത്തി വരുന്ന മുറജപം ഈ വർഷം ഒക്ടോബർ 17 മുതൽ 21 ദിവസം പരമാവധി ചിലവ് കുറച്ച് നടത്താനും ഭരണസമിതി യോഗം തീരുമാനിച്ചു. യോഗത്തിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ ബി മോഹൻദാസ്, അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി, എ വി പ്രശാന്ത്, കെ വി ഷാജി, ഇ പി ആർ വേശാല, അഡ്മിനിസ്ട്രേറ്റർ ടി. ബ്രീജ കുമാരി എന്നിവർ പങ്കെടുത്തു.

Astrologer

Vadasheri Footer