ഗുരുവായൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച
ഗുരുവായൂര്‍: ഗുരുവായൂരിലെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച. ഗുരുവായൂര്‍ പടിഞ്ഞാറേ നടയില്‍ ഗാന്ധിനഗറിന് സമീപം മാസ് സെന്റര്‍ എന്ന ഇരുനില കെട്ടിടത്തിലെ രണ്ടാം നിലയില്‍ സ്ഥിതിചെയ്യുന്ന എല്‍ & ടി എന്ന പണമിടപാട് സ്ഥാപനത്തിലാണ് ഇന്നലെ വന്‍ കവര്‍ച്ച നടന്നത്. 32,40,650 (മുപ്പത്തിരണ്ട് ലക്ഷത്തി നാല്‍പ്പതിനായിരത്തി അറനൂറ്റി അമ്പത് രൂപ) രൂപയാണ് മോഷ്ടാവ് കവര്‍ച്ച ചെയ്തത്.
രാവിലെ പത്തുമണിയ്ക്ക് സ്ഥാപനം തുറക്കാനെത്തിയ ജീവനക്കാരാണ് മുന്‍ വാതില്‍തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. അകത്ത് പ്രവേശിച്ച ജീവനക്കാര്‍ പണം സൂക്ഷിച്ചിരുന്ന ലോക്കറും തുറന്നുകിടക്കുന്ന അവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. മുന്‍ഭാഗത്തെ പ്രധാന വാതില്‍ തകര്‍ത്ത നിലയിലും, പണം സൂക്ഷിച്ചിരുന്ന ലോക്കറിന് കേടുപാടുകളൊന്നും സംഭവിയ്ക്കാത്ത നിലയിലായിരുന്നു. ഗുരുവായൂര്‍ ടെമ്പിള്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ടെമ്പിള്‍ സി.ഐ: എ. പ്രേംജിതിന്റെ നേതൃത്വത്തില്‍ പോലീസെത്തി അന്വേഷണം ഊര്‍ജ്ജിതമാക്കി. വിരലടയാള വിദഗ്ദരും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി സ്ഥലത്ത് പരിശോധന നടത്തി.
വെള്ളി, ശനി, ഞായര്‍ ദിവസങ്ങള്‍ ബാങ്കുകള്‍ക്ക് പൊതു അവധിയായതിനാല്‍, ഈ മൂന്ന് ദിവസത്തേയും കലക്ഷന്‍ സംഖ്യയായിരിയ്ക്കണം ഇത്രയും തുകയെന്നാണ് പോലീസിന്റെ നിഗമനം. മോഷ്ടാവിനെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെങ്കിലും, ഏതാനും ചിലര്‍ പോലീസിന്റെ നിരീക്ഷണത്തിലാണെന്ന് അറിയുന്നു. 9 കളക്ഷന്‍ ഏജന്റുമാരും, രണ്ട് മാനേജരുമാണ് അവിടെ ജോലിചെയ്യുന്നത്. സി.സി.ടി.വിയില്‍ രാവിലെ ഏഴുമണിയോടെ ഹെല്‍മെറ്റും, മാസ്‌ക്കും ധരിച്ചയാളെ ഇവിടെ കണ്ടതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നും അറിയുന്നുണ്ട്.