
ഗുരുപവനപുരിയിൽ ഇനി വൈശാഖ പുണ്യ കാലം

ഗുരുവായൂര്‍: വൈഷ്ണവ ക്ഷേത്രദര്‍ശനത്തിന് ഏറ്റവും മഹത്തരമായ വൈശാഖ പുണ്യമാസത്തിനു ശനിയാഴ്ച തുടക്കമാകും നാളെ ആരംഭിയ്ക്കുന്ന വൈശാഖമാസം, അടുത്തമാസം 16 വരെ നീണ്ടുനില്‍ക്കും. മേടമാസത്തിലെ കറുത്ത വാവുദിനത്തിന്റെ അടുത്ത ദിവസം മുതല്‍, ഇടവമാസത്തിലെ കറുത്ത വാവുദിവസംവരെ നീണ്ടുനില്‍ക്കുന്ന ഈ 30-ദിവസം, ശ്രീകൃഷ്ണ ക്ഷേത്രദര്‍ശനത്തിനും, സല്‍കര്‍മ്മ പ്രവര്‍ത്തികള്‍ക്കും അതിവിശേഷമായികണക്കാക്കുന്നു .


ഈ പുണ്യ മാസത്തില്‍. അതിഥിയെ ദേവനായി സങ്കല്‍പ്പിച്ച് സ്വീകരിയ്ക്കണമെന്ന് ഭഗവാന്‍ അരുള്‍ചെയ്തിരിയ്ക്കുന്നു, ഈ സുദിനങ്ങളില്‍. മഹാവിഷ്ണു വൈകുണ്ഠം വിട്ട് ഓരോ ഭക്തനേയും നേരില്‍കാണാന്‍ വേഷപ്രച്ഛനായി സമീപിയ്ക്കുതും ഈ പുണ്യമാസത്തിലാണെന്ന് വിശ്വസിച്ചുവരുന്നു. അതുകൊണ്ടുതന്നെ, വീട്ടിലെത്തുന്ന അതിഥിയെ ദേവനായി സങ്കല്‍പ്പിച്ച് ഉപചാരപൂര്‍വ്വം ”അതിഥി ദേവോ ഭവ:” എന്ന സങ്കല്‍പ്പത്തോടെ സ്വീകരിച്ചിരുത്തണമെന്നും പുരാണങ്ങളില്‍ പറയുന്നുണ്ട്.


ഒരുമാസം നീണ്ടുനില്‍ക്കുന്ന ഈ പുണ്യ ദിനങ്ങളില്‍ ഒട്ടേറെ മഹത്തരമായ ദിവസങ്ങളും വന്നുചേര്‍ന്നത് ആത്മീയതയ്ക്ക് നിറപകിട്ടേകുകയാണ്. ബലരാമ അവതാര സുദിനമായ അക്ഷയതൃതീയ, ആദിശങ്കരന്റെ ജന്മദിനമായ ശങ്കര ജയന്തി, നരസിംഹ ജയന്തി തുടങ്ങി ഒട്ടേറെ വിശേഷദിനങ്ങളാല്‍ സമ്പന്ന മാണ് വൈശാഖ പുണ്യമാസം. നാളെ മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞത്തിനും തുടക്കമാകും. വൈശാഖത്തോടനുബന്ധിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന് ഏഴ് പതിറ്റാണ്ടിലേറെ പഴക്കമുണ്ടത്രെ . ആഞ്ഞം, മേലേടം, തട്ടയൂര്‍, തോട്ടം എന്നീ നാല് ഇല്ലങ്ങളിലെ ആചാര്യന്മാര്‍ തുടങ്ങിവെച്ച ഭാഗവത സപ്താഹങ്ങള്‍ അവരുടെ പിന്‍മുറക്കാരും, ശിഷ്യരും വളരെ വിപുലമായി ഇപ്പോഴും പിന്‍തുടര്‍ന്ന് വരികയാണ്,
ഗുരുവായൂരില്‍ ഭക്തജന ബാഹുല്ല്യം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നതും വൈശാഖ മാസത്തിലും, മണ്ഡല കാലത്തുമാണ്. അക്കാരണത്താല്‍തന്നെ, വഴിപാടിനത്തിലും ഇക്കാലയളവില്‍ വന്‍ വര്‍ദ്ധനയാണ്, ക്ഷേത്രത്തില്‍. വൈശാഖ മാസത്തോടനുബന്ധിച്ച് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം ദേവസ്വം വകയായി മഹാ പണ്ഠിതരുടെ ആധ്യാത്മിക പ്രഭാഷണത്തിനും നാളെ തുടക്കമാകും. വൈകീട്ടത്തെ ആദ്യാത്മിക പ്രഭാഷണം ഒരുമാസം നീണ്ടുനില്‍ക്കും. അഭൂതപൂര്‍വ്വമായ ഭക്തജനതിരക്ക് കണക്കിലെടുത്ത് ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഓരോഭക്തനും ആത്മസംതൃപ്തിയോടെ ദര്‍ശനം നടത്തി മടങ്ങാനുള്ള എല്ലാഒരുക്കങ്ങളും ദേവസ്വം പൂര്‍ത്തിയാക്കി കഴിഞ്ഞു. ശ്രീഗുരുവായൂരപ്പന്റെ ”ഇഷ്ടസഖി” യെന്ന് വിശേഷിപ്പിയ്ക്കുന്ന അഷ്ടപദി സംഗീതോത്സവം കണ്ണിനും, കാതിനും, മനസ്സിനും ആനന്ദമേകും.
