വഴിത്തര്‍ക്കത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഗൃഹനാഥന്‍ മരിച്ചു ,അന്വേഷണ ചുമതല ഗുരുവായൂര്‍ എ സി പി ക്ക്.
ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിനടുത്ത് വഴിത്തര്‍ക്കത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ ഗുരുവായൂര്‍ എസിപിയ്ക്ക് അന്വേഷണ ചുമതല കൈമാറി .സംഘര്‍ഷത്തിനിടെ മരിച്ച മണത്തല ചക്കര പരീതി(61)ന്റെ ഭാര്യ ജുമൈല മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് പരാതി നല്‍കിയിരുന്നു പരാതിയെ തുടര്‍ന്ന് ഗുരുവായൂര്‍ എ.സി.പി.ക്ക് കേസിന്റെ അന്വേഷണ ചുമതല കൈമാറിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവിയില്‍ നിന്ന് വിവരം ലഭിച്ചതായി ജുമൈല പറഞ്ഞു.
കേസില്‍ ലോക്കല്‍ പോലീസ് നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് ജുമൈല കോടതിയെ സമീപിച്ചതിനെതുടര്‍ന്ന് കേസില്‍ തുടരന്വേഷണം നടത്താന്‍ കഴിഞ്ഞ നവംബറില്‍ ചാവക്കാട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇപ്പോഴും കേസില്‍ അന്വേഷണം നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജുമൈല പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. പരീതിന്റെ മരണത്തില്‍ പോലീസ് ശരിയായ രീതിയില്‍ അന്വേഷണം നടത്തിയിട്ടില്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കാണിച്ചിട്ടുള്ള പരിക്കുകള്‍ എങ്ങനെയുണ്ടായി എന്ന കാര്യത്തില്‍ അന്വേഷണം നടന്നിട്ടില്ലെന്നത് കണക്കിലെടുത്താണ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. കേസില്‍ പരീതിന്റെ അടുത്ത രണ്ടു ബന്ധുക്കള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് പരീതിന്റെ ഭാര്യ ജുമൈല കോടതിയെ സമീപിച്ചത്.