ഗവർണറുടെ അന്ത്യശാസനം തള്ളി കേരള സർവ്വകലാശാല വിസി
തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അന്ത്യ ശാസനം തള്ളി കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ. പുതിയ വി സി നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റിയിലേയ്ക്ക് പ്രതിനിധികളുടെ പേര് ഇന്ന് തന്നെ നിർദേശിക്കണം എന്നായിരുന്നു ഗവർണർ കത്ത് മുഖേന നൽകിയ അന്ത്യശാസനം. എന്നാൽ ഗവർണർ ചട്ടവിരുദ്ദമായാണ് സെർച്ച് കമ്മിറ്റി രൂപീകരിച്ചത് എന്നാണ് കേരള സർവ്വകലാശാലയുടെ നിലപാട്.
കഴിഞ്ഞ ആഴ്ചയായിരുന്നു വി സി നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റിയിലേയ്ക്ക് അടിയന്തരമായി സെനറ്റ് അംഗങ്ങളെ നിർദേശിക്കാൻ ഗവർണർ വി സി യോട് ആവശ്യപ്പെട്ടത്.ഇതിനെ തുടർന്ന് ഗവർണറുടേയും യുജിസിയുടേയും പ്രതിനിധികളെ മാത്രം ഉൾപ്പെടുത്തിയുള്ള കമ്മിറ്റി രൂപീകരണം ഏകപക്ഷീയമാണെന്ന് കാണിച്ച് ഗവർണറെ തള്ളി സെനറ്റ് പ്രമേയം പാസ്സാക്കിയിരുന്നു. വി സിയുടെ ഭാഗത്ത് നിന്നുള്ള വിമുഖതയും തനിക്കെതിരായുള്ല പ്രമേയവും ശ്രദ്ധയിൽപ്പെട്ട ഗവർണർ അന്ത്യശാസനമെന്ന നിലയിൽ പുതിയ കത്ത് അയക്കുകയായിരുന്നു. ഇന്ന് തന്നെ പ്രതിനിധികളെ നിർദേശിച്ചിരിക്കണമെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. ഇതിന് വിപരീതമായ നിലപാടെടുത്ത വി സിയ്ക്ക് രാജ്ഭവൻ നടപടി നേരിടേണ്ടി വന്നേയ്ക്കും.
വരുന്ന 24ന് കേരള വി സിയുടെ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിൽ സെർച്ച് കമ്മിറ്റി രൂപീകരണം നിയമവിധേയമാണെന്നാണ് രാജ്ഭവന്‍റെ വിശദീകരണം. നേരത്തെ സെനറ്റ് പ്രതിനിധിയായി സർവകലാശാല നിർദ്ദേശിച്ച ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ വി കെ രാമചന്ദ്രൻ പിന്നീട് സ്ഥാനത്ത് നിന്ന് പിന്മാറിയിരുന്നു. ഇത് കേരള സർവകലാശാലയുടെ ഇടപെടലിനെ തുടർന്നാണെന്നാണ് രാജ്ഭവന്റെ നിലപാട്. ഓഗസ്റ്റ് അഞ്ചിനാണ് ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചത് . വി സി സെനറ്റ് പ്രതിനിധിയെ നിർദേശിച്ചില്ലെങ്കിലും രണ്ടംഗ കമ്മിറ്റി വിസി നിയമന നടപടിയുമായി മുന്നോട്ട് പോകും. വിസിക്കെതിരെ ഉടനെ തന്നെ അച്ചടക്ക നടപടി ഉണ്ടാകുമെന്ന സൂചനകളും ഇതിനോടൊപ്പം തന്നെ രാജ്ഭവനിൽ നിന്നും ഉയരുന്നുണ്ട്.