കാർഷിക വികസന ബാങ്കിൽ ഔദ്യോഗിക സ്ഥാനാർത്ഥിയുടെ പരാജയം , ഗോപ പ്രതാപനെ പുറത്താക്കണം : ഡി സി സി ഭാരവാഹികൾ
ചാവക്കാട്: ചാവക്കാട് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിൽ ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ ജില്ലാ കോൺഗ്രസ് കമ്മറ്റി നിശ്ചയിച്ച പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയ ഗുരുവായൂർ ബ്ളോക് കോൺഗ്രസ് പ്രസിഡന്റ് ഗോപ പ്രതാപനെ പുറത്താക്കണമെന്ന് ജില്ലാ കോൺഗ്രസ്സ് നേതാക്കൾ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു .
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന നിലയിലുള്ള സംഘടനാപരമായ ഉത്തരവാദിത്തത്തില്‍നിന്നു മാറി പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയാണ് ബ്ലോക്ക് പ്രസിഡന്റ് ചെയ്തത്. വിമത സ്ഥാനാര്‍ഥിയുടെ പേരും നമ്പറും വെച്ച മാതൃകാ ബാലറ്റ് വിതരണം ചെയ്യുകയും വിമതസ്ഥാനാര്‍ഥിക്കായി പരസ്യമായി വോട്ടഭ്യര്‍ഥിക്കുകയും ചെയ്തു എന്ന് നേതാക്കൾ കുറ്റപ്പെടുത്തി . വിമത സ്ഥാനാർത്ഥിയെ സഹായിക്കാൻ വേണ്ടിയാണ് തനിക്ക് സ്വാധീനമുള്ള സ്ഥലത്തെ സ്‌കൂളിൽ തിരഞ്ഞെടുപ്പ് നടത്തി വോട്ട് മറിക്കാൻ ബാങ്ക് പ്രസിഡന്റ് ആയിരുന്ന ഗോപ പ്രതാപൻ തീരുമാനിച്ചത്
പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന തരത്തില്‍ ബ്ലോക്ക് പ്രസിഡന്റ് നിരന്തരമായി അച്ചടക്കലംഘനം നടത്തുകയാണെന്നും പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവിശ്വാസം ഇല്ലാതാക്കി പൊതുജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ അന്തസ് ഇല്ലാതാക്കുകയാണെന്നും ഡിസിസി ഭാരവാഹികൾ ആയ ടി എസ് അജിത്, എ എം അലാവുദ്ധീൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു .വടക്കേകാട് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ഉമ്മർ മുക്കണ്ടത്, ചാവക്കാട് മണ്ഡലം പ്രസിഡന്റ് കെ വി ഷാനവാസ് ,യു ഡി എഫ് നിയോജകമണ്ഡലം ചെയർ മാൻ കെ നവാസ് എന്നിവരും വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു