വിൽപത്ര വിവാദത്തിൽ ഗണേഷ് കുമാറിന് പിന്തുണയുമായി ഇളയ സഹോദരി
തിരുവനന്തപുരം: ആർ ബാലകൃഷ്ണ പിള്ളയുടെ വിൽപത്ര വിവാദത്തിൽ ഗണേഷ് കുമാറിന് പിന്തുണയുമായി ഇളയ സഹോദരി ബിന്ദു ബാലകൃഷ്ണൻ. ആർ ബാലകൃഷ്ണപിള്ള വിൽപത്രം സ്വന്തം ഇഷ്ടപ്രകാരം എഴുതിയതാണെന്നും ഗണേഷ് വിൽപത്രത്തിൽ ക്രമക്കേട് നടത്തിയെന്ന ആക്ഷേപങ്ങളിൽ കഴമ്പില്ലെന്നും ബിന്ദു പറയുന്നു. മരണ ശേഷവും അച്ഛനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതിൽ ദുഖമുണ്ടെന്നും ബിന്ദു ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.
ആദ്യ ടേമിൽ ഉറപ്പിച്ച മന്ത്രിസ്ഥാനം അപ്രതീക്ഷിതമായാണ് ഗണേഷിൽ നിന്ന് വഴി മാറിപ്പോയത്. ആർ ബാലകൃഷ്ണണപിള്ളയുടെ മരണശേഷം അദ്ദേഹത്തിന്റെ സ്വത്തിനെ ചൊല്ലി സഹോദരിമാരുമായുണ്ടായ തർക്കം മന്ത്രിസഭ രൂപീകരണ ചർച്ചയിൽ ഗണേഷിന് തിരിച്ചടിയാകുകയായിരുന്നു. മരണത്തിന് മുമ്പ് ബാലകൃഷ്ണ പിള്ളയെഴുതിയ വിൽപ്പത്രത്തിൽ ക്രമക്കേട് നടന്നെന്ന പരാതിയാണ് സഹോദരി ഉയർത്തുന്നത്. ഗണേഷിന്റെ മൂത്ത സഹോദരി ഉഷ മോഹൻദാസും മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ ഭർത്താവ് മോഹൻദാസും ഈ പരാതിയുമായി മുഖ്യമന്ത്രിയേയും കോടിയേരി ബാലകൃഷ്ണനേയും കണ്ടു. ചില തെളിവുകളും ഇവർ ഹാജരാക്കിയെന്നാണ് സൂചന.
ഈ ഘട്ടത്തിൽ ഗണേഷിനെ മന്ത്രിയാക്കുന്നത് മന്ത്രിസഭയുടെ പ്രതിഛായക്ക് കളങ്കമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഗണേഷിനെ ആദ്യ ടേമിൽ മന്ത്രിസ്ഥാനം നൽകേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചത്.ഉഷ മോഹൻദാസിന്റെ ആരോപണങ്ങൾ തള്ളിയ സാക്ഷി പ്രഭാകരൻ പിള്ള ഗണേഷിന് വിൽപ്പത്രത്തെ കുറിച്ച് അറിവില്ലായിരുന്നെന്നും പറയുന്നു.കുടുംബത്തിൽ പ്രശ്നങ്ങളുണ്ടെന്നും മാധ്യമങ്ങളോട് സംസാരിക്കാൻ താത്പര്യമില്ലെന്നുമായിരുന്നു ഉഷ മോഹൻദാസിന്റെ പ്രതികരണം. പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിക്കാനില്ലെന്ന് ഗണേഷ് കുമാറും അറിയിച്ചു.