ചാവക്കാട് ഗവ: ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ വീണ്ടും മോഷണം.
ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭയുടെ അധീനതയിലുള്ള ചാവക്കാട് ഗവ: ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ വീണ്ടും മോഷണം. തിങ്കളാഴ്ച്ച രാത്രിയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു. ഇന്നലെ സ്‌ക്കൂളിലെത്തിയ സ്‌ക്കൂള്‍ ജീവനക്കാരാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. ഉടന്‍ തന്നെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസില്‍ പരാതി നല്‍കി. ഗുരുവായൂര്‍ നഗരസഭയില്‍ അടയ്ക്കാന്‍ വെച്ചിരുന്ന ഓഫീസ് എക്‌സ്‌പെന്‍സ് രൂപയായ 30000/-രൂപയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.
ഓഫീസ് റൂമിന്റെ ഗ്രില്ലിലെ പൂട്ടുപൊളിച്ചുതുറന്ന് വാതില്‍ തകര്‍ത്ത് അലമാര കുത്തിതുറന്നാണ് മോഷണം നടന്നിട്ടുള്ളത്. പണംകൂടാതെ ഓഫീസ് മുറിയില്‍നിന്നും മറ്റൊന്നും മോഷണം പോയിട്ടില്ലെന്ന് സ്‌ക്കൂള്‍ അധികൃതര്‍ പറഞ്ഞു. കൂടാതെ ഓഫീസ്മുറിയുടെ എതിര്‍വശത്തെ കെട്ടിടത്തിലെ കംപ്യൂട്ടര്‍ മുറിയും കുത്തിപൊളിച്ച് സാധനസാമഗ്രികള്‍ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. എന്നാല്‍ കംപ്യൂട്ടര്‍ മുറിയില്‍നിന്നും ഒന്നുംതന്നെ മോഷണം പോയിട്ടില്ല.
ഈ സ്‌ക്കൂളില്‍ കഴിഞ്ഞ ഒക്ടോബര്‍ 27-നും മോഷണം നടന്നിരുന്നു. അന്ന് നടന്ന മോഷണത്തില്‍ സ്‌ക്കൂളില്‍നിന്നും മൂന്ന് ലാപ്‌ടോപ്പുകളാണ് നഷ്ടപ്പെട്ടത് . എന്നാല്‍ പ്രതികകളായ . ഗുരുവായൂര്‍ ഇരിങ്ങപ്പുറം ചക്കണ്ടന്‍ വീട്ടില്‍ മിട്ടുവെന്ന സ്‌നേഹജിത്ത് (18), ഗുരുവായൂര്‍ നെന്മിനി തട്ടുപറമ്പില്‍വീട്ടില്‍ നിതീഷ് (18) എന്നിവരെ അന്ന് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് പിടികൂടിയിരുന്നു . അന്ന് നഷ്ടപ്പെട്ട ലാപ്‌ടോപ്പുകള്‍ പോലീസ് പിന്നീട് പ്രതികളില്‍നിന്നും കണ്ടെടുത്തിരുന്നു. സ്‌ക്കൂളില്‍ സി.സി.ടി.വി ക്യാമറകളോ, സെക്യൂരിറ്റി സംവിധാനങ്ങളോ ഒന്നും തന്നെയില്ല. ചെറിയൊരിടവേളയ്ക്കുശേഷം ഈ സ്‌ക്കൂളില്‍ തിങ്കളാഴ്ച്ച രാത്രി നടന്ന മോഷണം സ്‌ക്കൂള്‍ അധികൃതര്‍ക്കും, ഒപ്പംതന്നെ ടെമ്പിള്‍ പോലീസിനും വലിയ തലവേദനയാണ് സൃഷ്ടിച്ചിരിയ്ക്കുന്നത്.