
കുറി സംഖ്യ നൽകിയില്ല, ഫിൻസിയർ 16 ലക്ഷം രൂപയും പലിശയും നൽകണം

തൃശൂർ : കുറി നടത്തി സംഖ്യ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. കൊടുങ്ങല്ലൂർ വളയൽ വീട്ടിൽ സെയ്താവൻ ഫയൽ ചെയ്ത ഹർജിയിലാണ് കൊടുങ്ങല്ലൂരുള്ള ഫിൻസിയർ കുറീസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായതു്.

സെയ്താവൻ, എതിർകക്ഷി സ്ഥാപനം തുടങ്ങിയ കുറികൾ കൃത്യമായി വെച്ചുവന്നിരുന്നു. ഓരോ കുറിയിലും 7,72,500 രൂപ വീതം 15,45,000 രൂപ വെച്ചിട്ടുള്ളതാകുന്നു.പിന്നീട് കുറി കൃത്യമായി എതിർകക്ഷി സ്ഥാപനം നടത്തുകയുണ്ടായില്ല.കുറിപ്രകാരം അടച്ച സംഖ്യ തിരികെ നൽകുകയും ചെയ്തില്ല.തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. വലിയ സ്വപ്നങ്ങളോടെ, പണം സ്വരൂപിക്കുന്നതിന് വേണ്ടി, ചേരുന്ന കുറികൾ പ്രകാരം സംഖ്യ ലഭിക്കാതിരിക്കുന്നത്, വലിയ വിഷമതകൾക്കും കഷ്ടനഷ്ടങ്ങൾക്കും ഇടവരുത്തുമെന്ന് കോടതി നിരീക്ഷിച്ചു.
തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് കുറികൾ പ്രകാരം 15,45,000 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും ചിലവിലേക്ക് 5,000 രൂപയും അടക്കം 16,00,000 രൂപയും ഹർജി തിയ്യതി മുതൽ 9 % പലിശയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി. ബെന്നി ഹാജരായി
