എട്ട് മുൻ നിര കമ്പനികളുടെ വിപണി മൂല്യത്തിൽ ഇടിവ്
മുംബൈ : ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്. വ്യാഴാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 1,65,180.04 കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ എന്നിവയാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്.
കഴിഞ്ഞയാഴ്ചയിലും ഓഹരി വിപണി കനത്ത ഇടിവാണ് നേരിട്ടത്. സെന്‍സെക്‌സ് 1906 പോയിന്റിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. പണപ്പെരുപ്പനിരക്ക് ഉയരുന്നതും കമ്പനികളുടെ മോശം പാദഫല കണക്കുകളുമാണ് വിപണിയെ ബാധിച്ചിരിക്കുന്നത്.
എച്ച്ഡിഎഫ്‌സിക്ക് മാത്രം കഴിഞ്ഞയാഴ്ച 46,729 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. ഇതോടെ എച്ച്ഡിഎഫ്‌സിയുടെ വിപണി മൂല്യം 12,94,025 കോടിയായി കുറഞ്ഞു. എസ്ബിഐയുടെ വിപണി മൂല്യത്തില്‍ 34,984 കോടിയുടെ കുറവാണ് ഉണ്ടായത്. 7,17,584 കോടിയായാണ് എസ്ബിഐയുടെ വിപണി മൂല്യം താഴ്ന്നത്. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 27,830 കോടി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് 22,057 കോടി, ഐടിസി 15,449 കോടി, ഭാരതി എയര്‍ടെല്‍ 11,215 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്.
അതേസമയം ഇന്‍ഫോസിസ്, ടിസിഎസ് എന്നി കമ്പനികളുടെ വിപണി മൂല്യം ഉയര്‍ന്നു. ഇന്‍ഫോസിസ് 13,681 കോടി, ടിസിഎസ് 416.08 കോടി എന്നിങ്ങനെയാണ് ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന.
നവംബറില്‍ ഇതുവരെ ഓഹരി വിപണിയില്‍ നിന്ന് 22,420 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പുറത്തേയ്ക്ക് ഒഴുക്കിയത്. സ്റ്റോക്കുകളുടെ ഉയര്‍ന്ന മൂല്യവും ചൈനയിലേക്കുള്ള നിക്ഷേപത്തിന്റെ ഒഴുക്കുമാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ കാരണമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.