ലഭിച്ച പേരുദോഷം മതിയായി , ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് എൽഡിഎഫ്.
കോട്ടയം: ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് എൽഡിഎഫ്. ഈരാറ്റുപേട്ടയിൽ ചേർന്ന എൽഡിഎഫ് യോഗമാണ് ഇക്കാര്യത്തിൽ നിർണായക തീരുമാനമെടുത്തത്. ഈരാറ്റുപേട്ട നഗരസഭാ ഭരണത്തിനെതിരെ എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം കഴിഞ്ഞ മാസമാണ് പാസായത്. സിപിഎം, സിപിഐ അംഗങ്ങളെ കൂടാതെ എസ് ഡി പി ഐ വോട്ട് ചെയ്തത് അവിശ്വാസ പ്രമേയം പാസാകാൻ നിർണായകമായി. എന്നാൽ സി പി എം – എസ് ഡി പി ഐ കൂട്ടുകെട്ട് ആണ് ഈരാറ്റുപേട്ടയിൽ ഉള്ളത് എന്ന ആരോപണമാണ് പിന്നെ ഉണ്ടായത്. ഇതോടെയാണ് തിങ്കളാഴ്ച നടക്കുന്ന ചെയർമാൻ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ എൽഡിഎഫ് തീരുമാനിച്ചത്.
തങ്ങൾക്ക് വിജയിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ചെയർമാൻ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിച്ചതായി പൂഞ്ഞാർ എംഎൽഎ കൂടിയായ സെബാസ്റ്റ്യൻ കുളത്തുങ്കൽ പ്രഖ്യാപിച്ചു. ഈരാറ്റുപേട്ടയിൽ ചേർന്ന് എൽഡിഎഫ് പ്രാദേശിക നേതാക്കളുടെ യോഗത്തിന് ശേഷമാണ് എംഎൽഎ നിലപാട് പ്രഖ്യാപിച്ചത്. ഏതായാലും തിങ്കളാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇതോടെ യുഡിഎഫിന്റെ സാധ്യത കൂടുകയാണ്.
എസ്ഡിപിഐ സിപിഎം ബന്ധം എന്ന ആക്ഷേപമാണ് സിപിഎം ഉൾപ്പെടെയുള്ള ഇടത് കക്ഷികൾ ചെയർമാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട എന്ന തീരുമാനത്തിലേക്ക് എത്താൻ കാരണം. ഇത്തവണ വീണ്ടും മത്സരിക്കുമ്പോൾ എസ്ഡിപിഐ പിന്തുണച്ചാൽ ആരോപണങ്ങൾ ഉയർന്നു വരുമെന്ന് ഇടതു നേതൃത്വം കരുതുന്നു. ഇതോടെ വീണ്ടും ഈ പ്രശ്നം ഒരു തലവേദനയായി മാറും. ഭരണം ലഭിക്കാതെ തന്നെ ആരോപണം മാത്രം കേൾക്കുന്ന സ്ഥിതി വരുന്നത് ഗുണമല്ല എന്നാണ് ഇടത് നേതൃത്വം വിലയിരുത്തുന്നത്.
ആകെ 28 അംഗങ്ങളുള്ള നഗരസഭയിൽ 14 പേരുടെ പിന്തുണയാണ് യുഡിഎഫ് ഭരണത്തിന് ഉണ്ടായിരുന്നത്. എന്നാൽ അവിശ്വാസപ്രമേയ ചർച്ച നടന്ന ദിവസം ഒരു യുഡിഎഫ് അംഗം കൂറുമാറിയിരുന്നു. ഈ മാറിയ അംഗം കൂടി തിങ്കളാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന് ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. അങ്ങനെ വന്നാൽ ഈരാറ്റുപേട്ടയിൽ വീണ്ടും യുഡിഎഫ് ഭരണം ഉണ്ടാകും. മതിയായ ഭൂരിപക്ഷം ഇല്ലായെങ്കിലും ഭരിക്കാൻ ആകില്ല എന്ന് ഇപ്പോൾ പറയാൻ കഴിയില്ല എന്നായിരുന്നു ഒരുമാസം മുൻപ് സിപിഎം ജില്ലാ സെക്രട്ടറി എ വി റസ്സൽ പറഞ്ഞത്. ഗോവ ഭരണം ഉൾപ്പെടെ ബിജെപി പിടിച്ചത് ഉദാഹരിച്ചു കൊണ്ടായിരുന്നു അന്ന് സിപിഎം ജില്ലാ സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്.
ഇതോടെ യുഡിഎഫ് അംഗങ്ങളെ ഒപ്പം ചേർന്ന് ഭരിക്കാൻ സിപിഎം നീക്കം നടത്തും എന്നതായി സൂചനകൾ. ഏതായാലും ശ്രമങ്ങൾ ഉണ്ടായെങ്കിലും അത് ഫലം കണ്ടില്ല എന്നാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വാർത്തകൾ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് തന്നെയാണ് ചെയർമാൻ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കാൻ എൽഡിഎഫ് തീരുമാനിച്ചതിന് ഒരു കാരണം. തെരഞ്ഞെടുപ്പിൽ വിമതന്റെ കൂടി പിന്തുണ ഉറപ്പിച്ചാൽ യുഡിഫ് വീണ്ടും അധികാരത്തിൽ വരും. നാളെ യോഗം ചേർന്ന് തീരുമാനം എടുക്കാൻ ആണ് എസ് ഡി പി ഐ തീരുമാനം. ഈരാറ്റുപേട്ടയ്ക്ക് പുറമേ കോട്ടയം നഗരസഭയിൽ ബിജെപിയുടെ പിന്തുണയോടെ യുഡിഎഫ് ഭരണം അവസാനിപ്പിക്കാൻ ആയത് ഏറെ വിവാദമായിരുന്നു.