Above Pot

കോടതിയുടെ ഇടപെടൽ ,ഒടുവിൽ ഇ പി ജയരാജനെതിരെ പോലീസ് കേസ് എടുത്തു

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഇ.പി.ജയരാജനും മുഖ്യമന്ത്രിയുടെ പേഴ‍്‍സണൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെയും കേസെടുത്തു. തിരുവനന്തപുരം വലിയതുറ പൊലീസാണ് കേസെടുത്തത്. എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, പിഎ സുനീഷ് എന്നിവർക്കെതിരെയാണ് കേസ്. വധശ്രമം, മനഃപൂർവ്വമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

Astrologer

വിമാനത്തിലുണ്ടായ സംഘർഷത്തിൽ ഇ.പി.ജയരാജനെതിരെ കേസെടുക്കാൻ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട് ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെയും കേസെടുക്കാൻ കോടതി നിർദേശിച്ചു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് കേസെടുക്കാൻ തിരുവനന്തപുരം ജെഎഫ്എംസി കോടതി രണ്ട് ജഡ്‍ജി ലെനി തോമസ് ഉത്തരവിട്ടത്.

കണ്ണൂരിൽ നിന്ന് മുഖ്യമന്ത്രി എത്തിയ ഇൻഡിഗോ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ഇ.പി.ജയരാജൻ തള്ളി മാറ്റിയിരുന്നു. ഈ സംഭവത്തിൽ വധശ്രമ കേസ് ചുമത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പ്രതികളെ കോടതി ജാമ്യത്തിൽ വിട്ടു. പ്രവർത്തകരെ കയ്യേറ്റം ചെയ്ത ജയരാജനെതിരെയും കേസെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സാധ്യമല്ലെന്ന നിലപാടിലായിരുന്നു സർക്കാർ. മുഖ്യമന്ത്രി തന്നെ നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.

ഇതിനിടെ ഇ പി ജയരാജനടക്കമുള്ളവർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടതിൽ പ്രതികരണവുമായി മുൻ എം എൽ എ ശബരിനാഥൻ. ഇനി കോടതിയെ ബഹിഷ്കരിക്കുമോ എന്നായിരുന്നു ശബരി ഫേസ്ബുക്കിലൂടെ ചോദിച്ചത്. ഇൻഡിഗോ വിലക്ക് വിഷയത്തിൽ വിമാനകമ്പനിക്കെതിരായ ജയരാജന്‍റെ പ്രഖ്യാപനം മുൻനിർത്തിയാണ് ശബരിയുടെ പരിഹാസം. ഇൻഡിഗോ വിമാനത്തിൽ ഇനി യാത്ര ചെയ്യില്ലെന്ന ബഹിഷ്കരണ പ്രഖ്യാപനം ഇ പി നേരത്തെ നടത്തിയിരുന്നു.

അതേസമയം കെ പി സി സി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമടക്കമുള്ളവർ ജയരാജനെതിരെ കേസെടുക്കാനുള്ള കോടതി വിധി സ്വാഗതം ചെയ്ത് നേരത്തെ രംഗത്തെത്തിയിരുന്നു. ജയരാജനെതിരെയും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെയും കേസെടുക്കാനുള്ള കോടതി ഉത്തരവ് നീതിന്യായവ്യവസ്ഥയുടെ അന്തസ്സ് ഉയര്‍ത്തി പിടിക്കുന്നതാണെന്നാണ് സുധാകരന്‍ അഭിപ്രായപ്പെട്ടത്. മുഖ്യമന്ത്രിയുടെയും സി പി എമ്മിന്റെയും തിട്ടൂരം അനുസരിച്ച് പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്ന പൊലീസിന്‍റെ നിഷേധാത്മക നിലപാടിനേറ്റ കനത്ത പ്രഹരം കൂടിയാണ് കോടതി വിധി. പൊലീസ് രാഷ്ട്രീയം കളിച്ചതിന്‍റെ പേരിലാണ് കോണ്‍ഗ്രസിന് കോടതിയെ സമീപിക്കേണ്ടിവന്നത്. അക്രമികളുടെയും നിയമലംഘകരുടെയും സംരക്ഷകനായി മുഖ്യമന്ത്രി മാറി. ജനാധിപത്യത്തിന് തന്നെ അപമാനമാണ് കേരളത്തിലെ ഇപ്പോഴത്തെ ഇടത് ഭരണമെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

അധികാരത്തിന്റ തണലില്‍ എന്തുനെറികേടും ചെയ്യാനും എല്ലാത്തരം ക്രിമിനലുകളെയും സംരക്ഷിക്കാനും അവരാണ് തന്റെ രക്ഷകരെന്ന് സമര്‍ത്ഥിക്കാനുമാണ് മുഖ്യമന്ത്രി ശ്രമിച്ചത്. തെരുവ് ഗുണ്ടയെപ്പോലെ പ്രവര്‍ത്തിച്ച രാഷ്ട്രീയ ക്രിമിനലിനു വേണ്ടി സഭയ്ക്കകത്തും പുറത്തും വാദിച്ച മുഖ്യമന്ത്രിക്ക് അഭ്യന്തര വകുപ്പിന്റെ കസേരയിലിരിക്കാനുള്ള യോഗ്യതയില്ല. അധികാര ദുര്‍വിനിയോഗം നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വേട്ടയാടിയ സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണ് കോടതി വിധിയെന്നും സുധാകരന്‍ പറഞ്ഞു.

വിമാനത്തിലെ അക്രമവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന ദൃശ്യങ്ങളില്‍ നിന്നെല്ലാം ഇ പി ജയരാജന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നത് കേരളം കണ്ടതാണ്. രാഷ്ട്രീയ തിമിരം ബാധിച്ച മുഖ്യമന്ത്രി ഇ പി ജയരാജന്റെ വിധ്വംസക പ്രവൃത്തിയെ അവസരോചിതമായി പ്രവര്‍ത്തിച്ച സംരക്ഷകനായിട്ടാണ് ചിത്രീകരിച്ചത്. എന്നാല്‍ കോടതിയുടെയും നിയമത്തിന്റെയും കണ്ണില്‍ ഇ പി ജയരാജന്‍ വധശ്രമത്തിന് തുനിഞ്ഞ വെറും പ്രതിമാത്രമാണ്. ഇതാണ് കോണ്‍ഗ്രസ് തുടക്കം മുതല്‍ ചൂണ്ടിക്കാട്ടിയതെന്നും സുധാകരൻ പറ‌ഞ്ഞു. എന്നാല്‍ അദ്ദേഹത്തെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും ശ്രമിച്ചത്. നിയമ സംവിധാനങ്ങളെ ഇരുട്ടിന്റെ മറവില്‍ നിറുത്തി ഭരണം നടത്താനാണ് പിണറായി ശ്രമിച്ചത്. നീതി നിഷേധിക്കപ്പെടുന്ന സാധാരണക്കാരന് കോടതിയോടുള്ള വിശ്വാസം വര്‍ധിപ്പിക്കുന്ന വിധിയാണിത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ കൂലിപട്ടാളം എടുത്ത വധശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റം ചെയ്തത് ഇപി ജയരാജനും മുഖ്യമന്ത്രിയും പേഴ്‌സണല്‍ സ്റ്റാഫും ആണെന്ന് കോടതി വിധിയിലൂടെ വ്യക്തമായെന്നും സുധാകരന്‍ ചൂണ്ടികാട്ടി.

ക്രൂരമര്‍ദ്ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമകേസ് ഉള്‍പ്പെടെയെടുത്ത് പീഡിപ്പിക്കാന്‍ ആഭ്യന്തര വകുപ്പ് ശ്രമിച്ചെങ്കിലും അവരുടെ നിരപരാധിത്വം ബോധ്യപ്പെട്ടതു കൊണ്ടാണ് ഹൈക്കോടതി അവര്‍ക്ക് ജാമ്യം നല്‍കിയത്. എന്നിട്ടും കലിയടങ്ങാത്ത സര്‍ക്കാര്‍ ഗൂഢാലോചന കുറ്റം ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷനെ അറസ്റ്റ് ചെയ്യാൻ നടത്തിയ നീക്കവും കഴിഞ്ഞ ദിവസം കോടതി ഇടപെടലിലൂടെ പൊളിഞ്ഞു. ഇ പി ജയരാജനാണ് വിമാനത്തിനകത്ത് കൂടുതല്‍ കുറ്റം ചെയ്തതെന്ന് കണ്ടെത്തിയ ഇന്‍ഡിഗോ വിമാന കമ്പനിക്കെതിരെ രാഷ്ട്രീയ പകപോക്കല്‍ തീര്‍ക്കാനുമാണ് സര്‍ക്കാര്‍ തുനിയുന്നതെന്നും സുധാകരന്‍ പരിഹസിച്ചു.

Vadasheri Footer