ഇലക്ട്രിക് ബസുകളുടെ കന്നിയാത്ര, ചാര്‍ജില്ലാതെ യാത്രക്കാർ പാതിവഴിയില്‍ കുടുങ്ങി

">

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്‍റെ ഇലക്ട്രിക് വാഹനനയം അനുസരിച്ച് പുറത്തിറക്കിയ ഇലക്ട്രിക് ബസുകൾ കന്നിയാത്രയില്‍ തന്നെ ചാര്‍ജില്ലാതെ പാതിവഴിയില്‍ കുടുങ്ങി . തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട 3 ബസുകളില്‍ ഒരു സര്‍വ്വീസ് ചേര്‍ത്തല വച്ച് ചാര്‍ജ് തീരുകയായിരുന്നു, ശേഷിച്ച സര്‍വ്വീസുകളില്‍ ഒരെണ്ണം വൈറ്റിലയില്‍ എത്തിയപ്പോള്‍ രണ്ടാമത്തെ ബസ്സിന് സാങ്കേതിക തകരാർ നേരിടുകയായിരുന്നു. ഇത് പരിഹരിക്കാന്‍ ടെക്നീഷ്യൻ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്തേണ്ട അവസ്ഥയാണുള്ളത്. ചേര്‍ത്തലയില്‍ നിലച്ചുപോയ ബസിലെ യാത്രക്കാരെ പിന്നാലെ വന്ന ബസില്‍ കയറ്റിവിട്ടെങ്കിലും അതും ചാര്‍ജ് തീര്‍ന്നതുകാരണം വൈറ്റിലയില്‍ സര്‍വീസ് അവസാനിപ്പിക്കുകയായിരുന്നു.

ഇലക്ട്രിക് ബസ് ഒരു തവണ ചാര്‍ജ് ചെയ്താന്‍ ഓടുന്ന പരാമവധി ദൂരം 200 മുതല്‍ 300 കിലോമീറ്റര്‍ വരെയാണ്. തിരുവനന്തപുരം എറണാകുളം റൂട്ടിലെ ദൂരം 252 കിലോമീറ്ററാണ്. എന്നാല്‍ വഴിയില്‍ ഗതാഗതക്കുരുക്കുകളാണ് ഇലക്ട്രിക് ബസുകള്‍ക്ക് കന്നിയാത്രയില്‍ വെല്ലുവിളിയായത്. ബസ് പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ കുറഞ്ഞത് നാലുമണിക്കൂര്‍ ആവശ്യമാണ്. എന്നാല്‍ വൈറ്റിലയില്‍ ബസുകള്‍ ചാര്‍ജ് ചെയ്യാനുള്ള സംവിധാനം ഇല്ല. ബസ് ചാര്‍ജ് ചെയ്യാനായി ആലുവ ഡിപ്പോ വരെ എത്താനുള്ള ചാര്‍ജ് ബസുകള്‍ക്ക് ഇല്ലെന്നതാണ് നിലവിലെ വെല്ലുവിളി. നിലവില്‍ ഇലക്ട്രിക് ബസ് ഒതുക്കിയിട്ടിരിക്കുകയാണ്.

ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് ഇലക്ട്രിക് ബസുകള്‍ പര്യാപ്തമല്ലെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. ആവശ്യമായ ചാര്‍ജിങ് സ്റ്റേഷന്‍ കൂടി സജ്ജീകരിക്കാതെ സര്‍വീസ് ആരംഭിച്ചത് ആക്ഷേപങ്ങള്‍ക്ക് കൂടുതല്‍ ബലം നല്‍കുന്നതായി. ഗതാഗതക്കുരുക്കുള്ള ദേശിയപാതയിലെ ജംക്‌ഷനുകൾ കടന്ന് പറയുന്ന സമയത്ത് ബസ് എത്തിയില്ലെങ്കില്‍ ബാറ്ററി ചാർജ് തീർന്നു പോകുമെന്നു നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. തിരുവനന്തപുരത്തു കൊല്ലം, ആലപ്പുഴ വഴി എറണാകുളത്തേക്ക് 5 ഇലക്ട്രിക് ബസ് സർവീസുകളാണ് ഇന്നു മുതൽ കെഎസ്ആർടിസി ആരംഭിച്ചത്. രാവിലെയും വൈകിട്ടുമായിട്ടാണ് സർവീസുകൾ ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Sponsors