തെരഞ്ഞെടുപ്പ്: ജില്ലയിൽ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി
തൃശൂർ : ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് തീരുന്നതിന് 48 മണിക്കൂർ മുമ്പ് മുതൽ വോട്ടെടുപ്പ് തീരുന്നതുവരെ ജില്ലയിൽ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ടി.വി. അനുപമ അറിയിച്ചു. ഏപ്രിൽ 21 വൈകീട്ട് 6 മണി മുതൽ ഏപ്രിൽ 23 വൈകീട്ട് 6 മണി വരെയാണ് മദ്യനിരോധനം. ഈ സമയത്ത് മദ്യമോ, മറ്റു ലഹരിവസ്തുക്കളോ ഉപയോഗിക്കുന്നത് നിരോധിച്ചു. ഹോട്ടൽ, റെസ്റ്റോറന്റ്, ക്ലബ് എന്നിവിടങ്ങളിലും മറ്റിടങ്ങളിലും മദ്യവിൽപനയോ വിതരണമോ പാടില്ല. വ്യക്തികൾ മദ്യം ശേഖരിക്കാൻ പാടുള്ളതല്ല. വ്യക്തികൾ അനധികൃതമായി മദ്യം വിൽക്കുന്നതോ ശേഖരിച്ചുവെക്കുന്നതോ ശ്രദ്ധയിൽപെട്ടാൽ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് എക്‌സൈസ് കമ്മീഷണർ നിർദ്ദേശം നൽകിയതായും അറിയിച്ചു. റീപോളിങ് ഉണ്ടെങ്കിൽ അന്നും നിരോധനം ബാധകമാണ്. വോട്ടെണ്ണൽ നടക്കുന്ന മെയ് 23നും മദ്യനിരോധനം ഉണ്ടായിരിക്കും.