ഗുരുവായൂർ ഏകാദശി : വിളക്കുകൾ 11മുതൽ
ഗുരുവായൂർ: ഗുരുവായൂർ ഏകാദശിക്ക് മുന്നോടിയായ 30 ദിവസത്തെ ഏകാദശി വിളക്കുകൾ നവംബർ 11 ന് ആരംഭിക്കും. ഡിസംബർ 11നാണ് ഏകാദശി. കുടുംബങ്ങൾ, വ്യക്‌തികൾ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയുടെ വഴിപാടായാണ് വിളക്കാഘോഷം നടക്കുന്നത്.
രാത്രി വിളക്കെഴുന്നള്ളിപ്പില്‍ നാലാമത്തെ പ്രദക്ഷിണത്തില്‍ ക്ഷേത്രം വിളക്കുമാടത്തിലെ ആയിരക്കണക്കിന് ചുറ്റുവിളക്കുകള്‍ തെളിക്കും. ചില ദിവസങ്ങളില്‍ നെയ് വിളക്ക് ആകും. മൂന്ന് ആനക്കളെ എഴുന്നള്ളിച്ചാണ് വിളക്ക് ആഘോഷം. വിളക്കിൻ്റെ ഭാഗമായി ചില ദിവസങ്ങളിൽ മേൽപത്തൂർ ഓഡിറ്റോറിയത്തിൽ കലാപരിപാടികളും ഉണ്ടാവും.
പാലക്കാട് അലനല്ലൂർ പറമ്പോട്ട് അമ്മിണിയമ്മയുടെ കുടുംബം വകയാണ് ആദ്യ വിളക്ക്. തപാൽ ജീവനക്കാരുടെ വിളക്ക് 14നും കോടതി വിളക്ക് 17നും പൊലീസ് വിളക്ക് 18നും ജി.ജി.കൃഷ്ണയ്യർ വിളക്ക് 19നും വ്യാപാരികളുടെ വിളക്ക് 21നും കാനറാ ബാങ്ക് വിളക്ക് 23നും എസ്.ബി.ഐ വിളക്ക് 24നും അയ്യപ്പ ഭജന സംഘത്തിൻ്റെ ലക്ഷദീപം 25നും നാണു എഴുത്തച്ഛൻ സൺസ് വിളക്ക് 26നും ക്ഷേത്രം പത്തുകാരുടെ വിളക്ക് 28നും തന്ത്രി വിളക്ക് 30നും ദേവസ്വം പെൻഷനേഴ്സസ്, എംപ്ലോയീസ് അസോസിയേഷൻ വിളക്ക് ഡിസംബർ രണ്ടിനും നടക്കും. പാര മ്പര്യ വിളക്കുകൾ ഡിസംബർ അഞ്ചിന് കപ്രാട്ട് കുടുംബത്തിന്റെ പഞ്ചമി വിളക്കോടെ ആരംഭിക്കും.
മാണിക്കത്ത് കുടുംബത്തിന്റെ ഷഷ്‌ടി വിളക്ക് ആറിനും നെന്മിനി മന സപ്തമി വെളിച്ചെണ്ണ വിളക്ക് ഏഴിനും നടക്കും. എട്ടിന് പുളിക്കിഴെ വാരിയത്ത് കുടുംബത്തിന്റെ അഷ്ടമി വിളക്കു മുതൽ സ്വർണക്കോലം എഴുന്നള്ളിക്കും. ഒമ്പതിന് കൊളാടി കുടുംബത്തിന്റെ നവമി നെയ് വിളക്ക്. 10ന് ശ്രീഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്‌റ്റിൻ്റെ ദശമി വിളക്ക്. 11ന് ഏകാദശി.
ചെമ്പൈ സംഗീതോത്സവം നവംബർ 26ന് തുടങ്ങും. പഞ്ചരത്ന കീർത്തനാലാപനവും ഗജരാജൻ കേശവൻ അനുസ്മര ണവും ഡിസംബർ 10നാണ്. ഏകാദശി വിളക്കുകളുടെ പ്രാരം ഭമായി ദേവസ്വം പെൻഷൻകാരു ടെ വിളംബര നാമജപ ഘോഷയാത്രയും കിഴക്കേ ദീപസ്തംഭം തെളിക്കലും ഞായറാഴ്ച വൈകിട്ട് നടക്കും.