എടപ്പാൾ നാടോടി ബാലികക്ക് മർദനം ,പെൺകുട്ടി വീണ് പരിക്കേറ്റത് : സിപിഎം

എടപ്പാള്‍ : പറമ്പിൽ അതിക്രമിച്ച്‌ കയറി ആക്രിസാധനങ്ങള്‍ പെറുക്കിയെന്നാരോപിച്ച്‌ പത്തുവയസുകാരിയായ നാടോടി ബാലികയെ അമ്മയുടെ കണ്‍മുന്നിലിട്ട് ക്രൂരമായി തല്ലിയ സംഭവത്തില്‍ നേതാവിന് ക്ലീന്‍ ചിറ്റ് നല്‍കി സി.പി.എം. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സി.പി.എം ഏരിയാ കമ്മിറ്റിയംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ സി.രാഘവനാണ് ആരോപണവിധേയനായ പ്രതി. തന്റെ ഉടമസ്ഥതയിലുള്ള കെട്ടിട നിര്‍മാണം നടക്കുന്ന സ്ഥലത്ത് അതിക്രമിച്ച്‌ കയറിയെന്നാരോപിച്ച്‌ നാടോടി ബാലികയെ മര്‍ദിക്കുകയായിരുന്നു.

പെണ്‍കുട്ടി അമ്മയ്ക്കും മറ്റൊരു സ്ത്രീയ്ക്കുമൊപ്പമാണ് ആക്രിപെറുക്കാനെത്തിയത്. ഇവിടേയ്ക്കെത്തിയ രാഘവന്‍ കുട്ടിയുടെ കൈയിലുണ്ടായിരുന്ന ആക്രി സാധനങ്ങള്‍ നിറച്ച ചാക്ക് പിടിച്ച്‌ വാങ്ങി തലയ്ക്ക് അടിക്കുകയായിരുന്നു. ഇതിനിടെ ചാക്കിനകത്തെ ഇരുമ്ബു പൈപ്പ് നെറ്റിയില്‍ കൊണ്ടാണ് മുറിവുണ്ടായതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിക്ക് പരിക്കേറ്റത് വീഴ്ചയിലാണെന്നാണ് മനസിലാക്കിയതെന്ന് സി.പി.എം മലപ്പുറം ജില്ലാ നേതൃത്വം പറയുന്നു. അതുകൊണ്ട് തന്നെ സി. രാഘവനെതിരെ പാര്‍ട്ടി നടപടിയുണ്ടാവില്ലെന്നും സി.പി.എം മലപ്പുറം ജില്ലാ നേതൃത്വം അറിയിച്ചിട്ടുണ്ട്.

വര്‍ഷങ്ങളായി എടപ്പാളില്‍ വിവിധയിടങ്ങളിലായി താമസിച്ചുവരികയാണ് നാടോടി പെണ്‍കുട്ടിയുടെ കുടുംബം. പരിക്കേറ്റ കുട്ടിയെ സമീപവാസികളാണ് ആശുപത്രിയിലെത്തിച്ചത്. അതേസമയം പോലീസ് കേസ് ഒതുക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി