മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ ഇഡി ചോദ്യം ചെയ്യും, നോട്ടീസ് നൽകി..
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് നോട്ടീസ്. വെള്ളിയാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ്. ഐടി വകുപ്പിലെ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
നേരത്തെ എം. ശിവശങ്കരനു പുറമെ മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് പ്രമുഖരെ സംബന്ധിച്ചും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതില്‍ ഒരാളാണ് സി.എം. രവീന്ദ്രന്. എം. ശിവശങ്കറുമായി അടുത്ത ബന്ധമാണ് രവീന്ദ്രനുള്ളത്. എം ശിവശങ്കര്‍ ടൂറിസം വകുപ്പില്‍ ഉള്ളപ്പോള്‍ത്തന്നെ ബന്ധമുണ്ടെന്നാണ് വിവരം.
എം. ശിവശങ്കറിനെ കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് തന്നെ വിളിച്ചിട്ടുള്ളത് രവീന്ദ്രനാണെന്ന് സ്വപ്നയുടെ മൊഴിയുണ്ട്. ഐടി വകുപ്പില്‍ അടക്കം നടത്തിയ ചില നിയമനങ്ങളില്‍ ശിവശങ്കറിനൊപ്പം രവീന്ദ്രനും പങ്കുണ്ടെന്ന മൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
കെ. ഫോണ്‍ അടക്കമുള്ള വന്‍കിട പദ്ധതികളില്‍ സി.എം. രവീന്ദ്രന് അടക്കമുള്ളവര്‍ വഴിവിട്ട ഇടപാടുകള്‍ നടത്തി എന്ന മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെന്റ് സി.എം. രവീന്ദ്രന് ചോദ്യംചെയ്യലിന് നോട്ടീസ് നല്‍കിയിരിക്കുന്നതെന്നാണ് വിവരം.
മുഖ്യമന്ത്രിയുമായി ഏറ്റവും അടുപ്പമുള്ള ഒരാളെയാണ് ഇഡി ചോദ്യം ചെയ്യാന്‍ വിളിച്ചിവരുത്തുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്.