Madhavam header
Above Pot

ദുബൈ ബസ് അപകടം , മലയാളികളുടെ മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കും .

തിരുവനന്തപുരം: ദുബായിലെ ബസ് അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിച്ചുവരുന്നതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. അപകടത്തില്‍ പരിക്ക് പറ്റിയവരുടെ ചികിത്സ നടപടികൾ തുടരുകയാണെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. പരിക്ക് പറ്റിയവരുടെ വിവരങ്ങള്‍ അറിയുന്നതിനായി ദുബായിയില്‍ കണ്‍ട്രോള്‍ റൂം തുറന്നതായും മന്ത്രി പറഞ്ഞു.

തലശ്ശേരി സ്വദേശികളായ ഉമ്മര്‍ ചോനോക്കടവത്ത്, മകന്‍ നബീല്‍ ഉമ്മര്‍, തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍, വാസുദേവന്‍, തൃശ്ശൂര്‍ സ്വദേശികളായ
തളിക്കുളം അറക്കവീട്ടില്‍ മുഹമ്മദുണ്ണി ജമാലുദ്ദീന്‍, കിരണ്‍ ജോണി, എന്നിവരാണ് മരിച്ച മലയാളികള്‍. ദീപക് കുമാറിന്‍റെ ഭാര്യയും മകളുമടക്കം അഞ്ചുപേര്‍ പരുക്കുകളോടെ ദുബായി റാഷിദ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ അപകടനില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു

Astrologer

കേരളത്തില്‍ നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനുമായി ചര്‍ച്ച നടത്തിയെന്നും മുരളീധരന്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും, കേന്ദ്ര ആരോഗ്യവകുപ്പ് സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്സവകാലഘട്ടങ്ങളിലെ വിമാനക്കൂലി വര്‍ധനവിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വ്യോമയാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും വി മുരളീധരന്‍ പറഞ്ഞു. വിദേശത്തുനിന്നും മൃതദേഹം നാട്ടിലെത്തിക്കാന്‍ നിലവില്‍ തൂക്കം നോക്കി വില നിശ്ചയിക്കുന്ന രീതിയില്‍ മാറ്റം വരുത്തുന്ന കാര്യവും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. ഇരുകാര്യങ്ങളിലും പരിഹാരം കണ്ടെത്തുന്നതിനായി അടിയന്തരയോഗം വിളിച്ചുചേര്‍ക്കുമെന്ന് വ്യോമയാന മന്ത്രി ഉറപ്പു നല്‍കിയതായും വി മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്രസഹമന്ത്രിയായ ശേഷം ആദ്യമായി കേരളത്തിലെത്തിയ വി മുരളീധരന് തിരുവനന്തപുരത്ത് ബിജെപി നേതാക്കളും പ്രവർത്തകരും വന്‍വരവേല്പാണ് നല്‍കിയത്. വിമാനത്താവളത്തിൽ സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള, ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ വി മുരളീധരനെ സ്വീകരിച്ചു. തുടർന്ന് അദ്ദേഹത്തെ തുറന്ന ജീപ്പിൽ നഗരത്തിലൂടെ ആനയിച്ചു. പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിലെ സ്വീകരണ ശേഷം ചില പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തും.

Vadasheri Footer