മാലിന്യത്തിനെതിരെ ചക്കംകണ്ടത്ത് നാളെ പ്രതിഷേധ മാർച്ചും മനുഷ്യചങ്ങലയും
ചാവക്കാട് : ചക്കംകണ്ടത്തേക്ക് മാലിന്യം ഒഴുക്കുന്നതിന് ശ്വാശത പരിഹാരം ആവശ്യപ്പെട്ട് ദുരിതം അനുഭവിക്കുന്ന ജനങ്ങൾ മാലിന്യം കെട്ടിക്കിടക്കുന്ന തോടിന്റെ കരയിൽ വായ് മൂടിക്കെട്ടി മനുഷ്യച്ചങ്ങല തീർക്കുമെന്ന് സമരസമിതി നേതാക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . നാളെ വൈകുന്നേരം നാലുമണിക്ക് നടക്കുന്ന മനുഷ്യച്ചങ്ങലയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് കുടുംബങ്ങൾ വായ് മൂടിക്കെട്ടി സമരത്തിൽ പങ്കെടുക്കും.
ബഹുജന സംഗമത്തിൽ വെച്ച് മുഖ്യമന്ത്രിക്ക് സമർപ്പിക്കാനുള്ള ഭീമ ഹർജിയിലേക്ക് ഒപ്പുകൾ ശേഖരിക്കും. സ്ത്രീകളും, കുട്ടികളുമടക്കമുള്ള സംഘം പൗരാവകാശ വേദിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകും. പരിസ്ഥിതി, പൗരാവകാശ, രാഷ്ട്രിയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സംഗമത്തിലും, ചങ്ങലയിലും പങ്കാളികളാകും. പൗരാവകാശ വേദി പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം, സെക്രട്ടറി കേ പി അഷ്റഫ്, ട്രഷറർ വി പി സുഭാഷ്, അനീഷ് പാലയൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു .
ഗുരുവായൂർ ക്ഷേത്ര നഗരി വികസിച്ചതാണ് ചക്കം കണ്ടം എന്ന കാർഷിക മൽസ്യബന്ധന ഗ്രാമത്തെ മാലിന്യ കൂമ്പാരമാക്കി മാറ്റിയത് . ഗുരുവായൂർ നഗരത്തിൽ പെയ്യുന്ന മഴ വെള്ളം ഒഴുകി പോയിരുന്ന വലിയതോട് ചെന്ന് അവസാനിക്കുന്നത് ചക്കം കണ്ടത്താണ് .മാലിന്യ സംസ്കരണമില്ലാതെ ഗുരുവായൂരിൽ പൊന്തിയ നൂറുകണക്കിന് ലോഡ്ജുകളിൽ നിന്നും ഫ്ലാറ്റുകളിൽ നിന്നുമുള്ള കക്കൂസ് മാലിന്യം വലിയ തോടിലേക്ക് ആണ് ഒഴുക്കുന്നത് . പണ്ട് ആളുകൾ കുളിക്കുകയും, വസ്ത്രം കഴുകുകയും ചെയ്തിരുന്ന വലിയ തോട് ഇപ്പോൾ മാലിന്യ തോട് ആയി മാറി
ഏകദേശം 5000 കുടുംബങ്ങളുടെ ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ട് കിടന്നിരുന്ന ചക്കംകണ്ടം പുഴയുടെ ഇന്നത്തെ അവസ്ഥ ഏറെ പരിതാപകരമാണ്. മത്സ്യ ബന്ധനം, കക്ക വാരൽ, കയർ നിർമാണം, ചെളി വാരൽ തുടങ്ങി പുഴയുമായി ബന്ധപ്പെട്ട് പരമ്പരാഗത തൊഴിലിൽ ഏർപ്പെട്ടിരുന്ന എത്രയോ പേർ ഇന്ന് തൊഴിൽ രഹിതരാണ്. ഇന്ന് പുഴയിലിറങ്ങുന്നവരെ കാത്തിരിക്കുന്നത് മാരകമായ രോഗങ്ങളാണ്. പുഴയോട് ചേർന്ന് കിടക്കുന്ന പഴയ പാണ്ടി പാടം എന്നറിയപ്പെടുന്ന 100 ഏക്കറോളം വരുന്ന പഴയ നെൽപ്പാടം ഇന്ന് ഗുരുവായൂരിൽ നിന്നും ഒഴുകിയെത്തി വന്ന് കെട്ടിക്കിടക്കുന്ന മാലിന്യക്കൂമ്പാരമായി കിടക്കുന്നു. നല്ല നിലയിൽ നെൽകൃഷി ചെയ്തിരുന്ന ഈ പാടത്തിന്റെ ഇന്നത്തെ അവസ്ഥ ആരേയും വേദനിപ്പിക്കുന്ന ഒന്നാണ്.40 വർഷത്തോളമായി ഒഴുക്കിവിട്ടു കൊണ്ടിരിക്കുന്ന മാലിന്യം തടയാൻ ഈ നിയമവിരുദ്ധ പ്രവർത്തി ചെയ്യുന്നവരെ നിലക്കുനിർത്താൻ ഒരു ഭരണകൂടവും, ഒരു ഭരണാധികാരിയും തയ്യാറായിട്ടില്ല എന്നതാണ് സത്യം. കുടിവെള്ള (സാതസ്സുകളും, പുഴകളും, തോടുകളും, ജനവാസ കേന്ദ്രങ്ങളും മലിനമാക്കുന്നവർക്കെതിരെ ഒരു പാട് കർശന നിയമങ്ങൾ ഉള്ള നമ്മുടെ നാട്ടിൽ എല്ലാം കടലാസിൽ മാത്രം ഒതുങ്ങുന്ന കാഴ്ച്ചയാണ് നമുക്ക് കാണാൻ കഴിയുന്നത്.ഇക്കഴിഞ്ഞ ദിവസമാണ് ബഹു.മുഖ്യമന്ത്രി നിയമം കർശനമായി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചത്.പ്രഖ്യാപനങ്ങൾ കേവലം പ്രഖ്യാപനങ്ങളായി മാത്രം ഒതുങ്ങുന്ന കാഴ്ച്ചയാണ് ചക്കം കണ്ടത്തിന്റെ കാര്യത്തിൽ നമുക്ക് കാണാൻ കഴിയുന്നത്.
ഗുരുവായൂരിൽ നിന്നും വരുന്ന വലിയതോടിന്റെയും, ചെറിയ തോടിന്റെയും കരയിൽ താമസിക്കുന്ന അങ്ങാടിത്താഴം, എടപ്പുള്ളി പ്രദേശത്തെ ജനഞളുടെ അവസ്ഥ ഏറെ പരിതാപകരമാണ്. ഗുരുവായൂർ നഗരസഭാ പരിധിയിൽപ്പെട്ട ഈ പ്രദേശങ്ങളോട് കടുത്ത അവഗണനയാണ് നഗരസഭാധികാരികൾ സ്വീകരിക്കുന്നത്. പല വഴി കേന്ദ്ര, സംസ്ഥാന ഗവൺമെന്റുകൾ നൽകുന്ന കോടികണക്കിന് രൂപയുടെ ഫണ്ട് ലഭിക്കുന്ന ഈ നഗരസഭയിൽ കെടുകാര്യസ്ഥതയുടെയും, അഴിമതിയുടെയും, ഭരണപരാജയത്തിന്റെയും കഥകൾ മാത്രമേ പറയാനുള്ളൂ.
നാൾക്കുനാൾ വർധിച്ചു വരുന്ന മാലിന്യ മൊഴുക്ക് ഇന്ന് അങ്ങാടിത്താഴവും, ചക്കംകണ്ടവും, തെക്കൻ പാലയൂരും കടന്ന് പാവറട്ടി പഞ്ചായത്തിലെ മരുതയുർ, കാളാനി, കുണ്ടുകടവ് പ്രദേശങ്ങളിലേക്കും, ഒരു മനയൂർ പഞ്ചായത്തിലേക്കും ഒഴുകികൊണ്ടിരിക്കുന്നു.