
ഡോ : ഷേർലി വാസു അന്തരിച്ചു.

കോഴിക്കോട്: ഫോറൻസിക് വിദഗ്ധ ഡോ. ഷേർലി വാസു അന്തരിച്ചു. 68 വയസ്സായിരുന്നു. മെഡിക്കൽ കോളേജിൽ നിന്ന് റിട്ടയർ ചെയ്ത ശേഷം സ്വകാര്യ മെഡിക്കൽ കോളേജിൽ ഫോറൻസിക് വിഭാഗം അധ്യക്ഷയായി ജോലി ചെയ്തു വരികയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിക്കുകയായിരുന്നു

. ചേകന്നൂർ മൗലവി കേസ്, സൗമ്യ കേസ് അടക്കം സംസ്ഥാനത്തെ ശ്രദ്ധേയമായ പല കേസുകളിലും പോസ്മോർട്ടം നടത്തിയത് ഡോക്ടർ ഷേർലി വാസുമായിരുന്നു. കേരളം കണ്ട മികച്ച ഫോറൻസിക് വിദഗ്ധരിലൊരാളാണ് ഡോക്ടര്‍ ഷേര്‍ളി വാസു. കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളിലെ ഫോറൻസിക് സര്‍ജനും കൂടിയാണ്. പോസ്റ്റ്മോര്‍ട്ടം ടേബിള്‍ എന്ന പുസ്തകവും എഴുതിയിട്ടുണ്ട്. കേരളത്തിലെ ആദ്യ വനിത ഫോറൻസിക് സർജനാണ്. 2017ൽ കേരള സർക്കാരിന്റെ സംസ്ഥാന വനിതാ രത്‌നം പുരസ്‌കാരമായ ജസ്റ്റീസ് ഫാത്തിമ ബീവി അവാർഡ് ലഭിച്ചു.

1956ൽ തൊടുപുഴയിലാണ് ഷേർളി വാസുവിന്റെ ജനനം. കോട്ടയം മെഡിക്കൽ കോളജിൽനിന്നും എംബിബിഎസും കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് ഫോറൻസിക് മെഡിസിനിൽ എംഡി ബിരുദവും നേടി. 1982 മുതൽ കോഴിക്കോട് മെഡിക്കൽ കോളജിൽ അധ്യാപികയായി. 1996-ൽ ലോകാരോഗ്യ സംഘടനയുടെ ഫെല്ലോഷിപ്പിൽ സ്ത്രീകളുടെയും കുട്ടികളുടെയും നേർക്കുള്ള അതിക്രമങ്ങൾ, ഭീകരാക്രമണങ്ങളിലെ പരിക്കുകൾ ഇവയിൽ ഇംഗ്ലണ്ടിൽ ഉപരിപഠനം നടത്തി. 2001 മുതൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ഫോറൻസിക് മെഡിസിൻ വിഭാഗം മേധാവിയായിരുന്നു. തൃശ്ശൂർ ഗവ. മെഡിക്കൽകോളജ് പ്രിൻസിപ്പലായിരിക്കേ 2016ലാണ് വിരമിച്ചത്. ഭർത്താവ്: ഡോ. കെ. ബാലകൃഷ്ണൻ. മക്കൾ: നന്ദന, നിതിന്‍”