
ദിവ്യ എസ് അയ്യർ സർവീസ് ചട്ടം ലംഘിച്ചു , യൂത്ത് കോൺഗ്രസ് പരാതി നൽകി

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ്, സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ദിവ്യ എസ് അയ്യർ നടത്തിയ പുകഴ്ത്തൽ സർവീസ് ചട്ട ലംഘനമെന്ന് ചൂണ്ടികാട്ടി യൂത്ത് കോൺഗ്രസ് പരാതി നൽകി. കെ കെ രാഗേഷിനെ പുകഴ്ത്തിയ പോസ്റ്റ്, ദിവ്യ എസ് അയ്യരുടെ സർവീസ് ചട്ടം ലംഘനമാണെന്നും വിഷയത്തിൽ നടപടി വേണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്‍റ് വിജിൽ മോഹനാണ് പരാതി നൽകിയത്. ചീഫ് സെക്രട്ടറിക്കും കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടർക്കുമാണ് പരാതി നൽകിയിരിക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കുള്ള 1968ലെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് ദിവ്യ എസ് അയ്യര്‍ നടത്തിയതെന്നും കര്‍ശനമായ നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു

ഐ എ എസ് ഉദ്യോഗസ്ഥർക്ക് ഉണ്ടാകേണ്ട രാഷ്ട്രീയ നിഷ്പക്ഷതക്ക് എതിരാണ് പോസ്റ്റ് എന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് വിജിൽ മോഹന്‍റെ പരാതിയിൽ ചൂണ്ടികാട്ടിയിട്ടുണ്ട്.

അതേസമയം ദിവ്യയുടെ പുകഴ്ത്തൽ രാഷ്ട്രീയ ലാഭത്തിനു വേണ്ടിയെന്ന് കണ്ണൂരിൽ മാധ്യമങ്ങളെ കണ്ട വിജിൽ മോഹൻ അഭിപ്രായപ്പെട്ടു. വാക്കുകൊണ്ട് ഷൂ ലേസ് കെട്ടിക്കൊടുക്കുകയാണ് ദിവ്യ ചെയ്തതെന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് പറഞ്ഞു. പ്രൊഫഷണൽ അഭിപ്രായം എങ്കിൽ എന്തിനാണ് കമ്യൂണിസ്റ്റ് വിപ്ലവ ഗാനം പശ്ചാത്തലമാക്കിയതെന്നും വിജിൽ മോഹൻ ചോദിച്ചു. തികച്ചും രാഷ്ട്രീയമായ അഭിപ്രായമാണ് ദിവ്യ നടത്തിയതെന്നും, ഐ എ എസ് പദവി രാജിവച്ച് സി പി എം പ്രവർത്തകയായ ശേഷം വേണം ഇങ്ങനെ പറയാനെന്നും വിജിൽ കൂട്ടിച്ചേർത്തു. അങ്ങനെയെങ്കിൽ ദിവ്യക്കെതിരെ തങ്ങൾക്ക് ഒന്നും പറയേണ്ട കാര്യമുണ്ടാകുമായിരുന്നില്ലെന്നും വിജിൽ വിവരിച്ചു.
അതിനിടെ ദിവ്യ എസ് അയ്യർ നടത്തിയ അഭിനന്ദനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് മുതിർന്ന സി പി എം നേതാവ് എ കെ ബാലൻ രംഗത്തെത്തിയിരുന്നു. ദിവ്യക്കെതിരായ സൈബർ ആക്രമണത്തെ ശക്തമായി അപലപിച്ച ബാലൻ, അവർ ബ്യൂറോക്രസിയിലെ ഉണ്ണിയാർച്ചയെന്നും വിശേഷിപ്പിച്ചു. വളരെ വളരെ മോശമായ നിലയിൽ ദിവ്യയെ ചിത്രീകരിച്ചുള്ള ആക്രമണമാണ് സൈബറിടത്ത് കോൺഗ്രസ് നടത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.