
ഗുരുവായൂർ ദേവസ്വം നാരായണീയ ദിനം ആഘോഷിച്ചു

ഗുരുവായൂർ : ദേവസ്വം ആഭിമുഖ്യത്തിൽ നാരായണീയ ദിനാഘോഷം സമ്പൂർണ്ണ നാരായണീയ പാരായണം, സെമിനാർ, നാരായണീയ സപ്താഹം, നാരായണീയം വനമാലാ വ്യാഖ്യാനം തമിഴ് പതിപ്പ് പ്രകാശനം, സാംസ്കാരിക സമ്മേളനം തുടങ്ങിയ പരിപാടികളോടെ ആഘോഷിച്ചു. സാംസ്കാരിക സമ്മേളനം ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു.

നാരായണീയം പോലെ ഭക്ത മനസ്സുകളെ ഇത്രയധികം സ്വാധീനിച്ച കാവ്യം വേറെയില്ലെന്ന് അദ്ദേഹം പറഞ്ഞു. വർണനാതീതമാണ് അതിൻ്റെ സ്വാധീനശക്തി. ലോകത്തിൽ മറ്റൊരു ഗ്രന്ഥ പിറവിയും ഇങ്ങനെ വിപുലമായി ആഘോഷിക്കപ്പെടുന്നില്ല. അതും നാരായണീയത്തിൻ്റെ ശ്രേഷ്ഠതയ്ക്ക് മാറ്റ് കൂട്ടുന്നു – ചെയർമാൻ പറഞ്ഞു.
ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗം .മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് അധ്യക്ഷനായിരുന്നു. ശ്രീ മന്നാരായണീയം വനമാലാ വ്യാഖ്യാനം തമിഴ് പതിപ്പിൻ്റെ പ്രകാശനവും ചടങ്ങിൽ ചെയർമാൻ ഡോ. വി.കെ.വി ജയൻ നിർവ്വഹിച്ചു.വിവർത്തകൻ ഡോ.ടി.എം രഘുറാമിനെ ആദരിച്ചു. ഡോ.വി.ആർ മുരളീധരൻ മേൽപുത്തൂർ സ്മാരക പ്രഭാഷണം നിർവ്വഹിച്ചു.

ദശകപാഠ മത്സര വിജയികൾ ,പ്രബന്ധ മത്സര വിജയികൾ എന്നിവർക്ക് ചടങ്ങിൽ സമ്മാനങ്ങൾ നൽകി.
ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ സ്വാഗതവും പ്രസിദ്ധീകരണ വിഭാഗം അസി.മാനേജർ കെ.ജി.സുരേഷ് കുമാർ ചടങ്ങിന് നന്ദിയും രേഖപ്പെടുത്തി. ദേവസ്വം വേദിക് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.പി.നാരായണൻ നമ്പൂതിരി സന്നിഹിതനായി.
ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ
രാവിലെ 7 മുതൽ 1 മണി വരെ നടന്ന സമ്പൂർണ്ണ നാരായണ പാരായണത്തിന് ദേവസ്വം സംസ്കൃത അധ്യാപകൻ ഡോ. വി. അച്യുതൻ കുട്ടി ആചാര്യനായി. മേൽപ്പുത്തൂർ ആഡിറ്റോറിയത്തിൽ നടന്ന സമ്പൂർണ്ണ നാരായണീയ പാരായണത്തിന് ജി.സത്യനാരായണമൂർത്തിയും സംഘവും ,
ബ്രാഹ്മണസമൂഹം പ്രതിനിധികളും നേതൃത്വം നൽകി. രാത്രി 7.30 ന് മേൽപുത്തൂർ ആഡിറ്റോറിയത്തിൽ ചാക്യാർകൂത്ത് നടന്നു. പ്രൊഫ. കലാമണ്ഡലം ഈശ്വരനുണ്ണിയായിരുന്നു. അവതരണം

