ഹൈക്കോടതിയിലെ കേസ് ,ഗുരുവായൂർ ദേവസ്വം ഭരണ സമിതി വരുന്നത് വൈകിയേക്കും .
ഗുരുവായൂർ : പുതിയ ദേവസ്വം ഭരണ സമിതിയെ നോമിനേറ്റ് ചെയ്യുന്നത് വൈകിയേക്കുമെന്ന് സൂചന , കഴിഞ്ഞ ഭരണ സമിതിയിലെ ഒരു അംഗം തൂങ്ങി കിടക്കുന്നതിനെതിരെ ഹൈക്കോടതിയിൽ കേസ് നടക്കുന്നതിനാൽ അതിൽ ഒരു തീർപ്പ് വന്നതിന് ശേഷം പുതിയ ഭരണ സമിതിയെ നിശ്‌ചയിച്ചാൽ മതി എന്നാണ് ഇടതു മുന്നണിയിൽ ഉണ്ടായിട്ടുള്ള ധാരണ എന്നാണ് പുറത്ത് വരുന്ന വിവരം അത് കൊണ്ട് തന്നെ ഘടക കക്ഷികൾ ആരും ഭരണ സമിതിയിൽ വരേണ്ട അംഗങ്ങളുടെ പേരുകൾ മുന്നണി നേതൃത്വത്തിന് നൽകിയിട്ടില്ലത്രെ.
ഗുരുവായൂർ ദേവസ്വം ഭരണ സമിതിയുടെ കാലാവധി കഴിഞ്ഞിട്ടും, എൻ സി പി യുടെ പ്രതി നിധിയായ അഡ്വ കെവി മോഹന കൃഷ്ണൻ ഭരണ സമിതിഅംഗമായി തുടരുന്നതിനെതിരെ ദേവസ്വം എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് സി വി വിജയൻ ആണ് ഹൈക്കോടതിയെ സമീപിച്ചത് .കേസ് ഫയലിൽ സ്വീകരിച്ച ഹൈക്കോടതി , സംസ്ഥാന സർക്കാർ ,ഗുരുവായൂർ ദേവസ്വം ,അഡ്വ കെ വി മോഹന കൃഷ്ണൻ എന്നിവരോട് വിശദീകരണം ആവശ്യപ്പെട്ട് കേസ് മാർച്ച് നാലിലേക്ക് മാറ്റി വെച്ചിരുന്നു എന്നാൽ ഗുരുവായൂർ ദേവസ്വം മാത്രമാണ് ഇന്ന് അഫിഡവിറ്റ് കോടതയിൽ നൽകിയത് . മറ്റു ള്ളവർ കോടതിയോട് സമയം നീട്ടി ചോദിച്ചു ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത വെള്ളിയാഴ്ചത്തേക്ക് കേസ് മാറ്റി വെച്ചു.
ഇതിനിടയിൽ ചെയർമാൻ ആയി കേരളം വർമ്മ കോളേജിലെ ഒരു മുൻ പ്രൊഫസറെ നിയമിക്കാനുള്ള നീക്കവും നടന്നിരുന്നുവത്രെ . ജില്ലയിൽ നിന്നുള്ള ഒരു മന്ത്രിയാണ് ഇതിന് ചുക്കാൻ പിടിച്ചതെന്നും . ദേവസ്വം മന്ത്രിയെ നോക്ക് കുത്തിയാക്കി ദേവസ്വത്തിൽ ഇടപെടലുകൾ നടത്താനുള്ള നീക്കമായിരുന്നു ഇതിനു പിന്നിൽ എന്നുമാണ് ആരോപണം . എന്നാൽ ജില്ലാ നേതൃത്വം ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതോടെ ആ ശ്രമം പാളിപ്പോയി എന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.