Madhavam header
Above Pot

ദേവസ്വം ഭരണസമിതിയിലെ മൂന്ന് പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഭരണസമിതിയിലേക്ക് സർക്കാർ നാമനിർദ്ദേശം ചെയ്ത സി.മനോജ്, കെ.ആർ.ഗോപിനാഥ്, മനോജ് ബി നായർ എന്നീ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ദേവസ്വം തെക്കേ നടയിലെ പ്രത്യേക വേദിയിൽ നടന്ന ചടങ്ങിൽ ഗുരുവായൂർ ദേവസ്വം കമ്മീഷണർ ബിജു പ്രഭാകർ ഐഎഎസ് അധ്യക്ഷനായി. പുതിയ അംഗങ്ങൾക്ക് അദ്ദേഹം സത്യവാചകം ചൊല്ലി കൊടുത്തു. ജീവനക്കാരുടെ പ്രതിനിധിയായി ദേവസ്വം ഭരണ സമിതി അംഗമായ സി.മനോജാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് കെ.ആർ.ഗോപിനാഥ്, മനോജ് ബി നായർ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. ക്ഷേത്രം തന്ത്രി . പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ചടങ്ങിൽ ഭദ്രദീപം തെളിയിച്ചു. ദേവസ്വം ചെയർമാൻ ഡോ: വി.കെ. വിജയൻ സ്വാഗതം രേഖപ്പെടുത്തി. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തു കൊണ്ടുള്ള സർക്കാർ വിജ്ഞാപനം വായിച്ചു. ദേവസ്വം ഭരണ സമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ചെങ്ങറ സുരേന്ദ്രൻ അഡ്വ.കെ.വി.മോഹന കൃഷ്ണൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികളുടെ ദേശീയ ഗാനാലാപനത്തോടെയാണ് ചടങ് സമാപിച്ചത്. തുടർന്ന് പുതിയ അംഗങ്ങൾക്ക് വിവിധ സാമൂഹ്യ സംഘടനാ നേതാക്കൾ സ്വീകരണം നൽകി. ഗുരുവായൂർ നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ് അംഗങ്ങളെ പൊന്നാടയണിയിച്ചു ആദരിച്ചു. ദേവസ്വം ജീവനക്കാരുടെ സംഘടനാ നേതാക്കളും പുതിയ അംഗങ്ങളെ അനുമോദിക്കാനെത്തി. 3 അംഗങ്ങൾ കൂടി ചുമതലയേറ്റതോടെ ഗുരുവായുർ ദേവസ്വം ഭരണസമിതി പൂർണ സമിതിയായി

Vadasheri Footer