
വിവിധ മേഖലകളിൽ അവാർഡ് നേടിയ പ്രതിഭകൾക്ക് ഗുരുവായൂർ ദേവസ്വം ആദരവ്

ഗുരുവായൂർ : ദേവസ്വം പ്രസിദ്ധീകരണ വിഭാഗം അംഗങ്ങളും വൈജ്ഞാനിക രംഗത്തെ സംഭാവനകൾക്ക് വിവിധ അംഗീകാരങ്ങൾ നേടിയവരുമായ പ്രതിഭകളെ ദേവസ്വം ആദരിച്ചു. കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വത്തിന് അർഹനായ കവിയും അധ്യാപകശ്രേഷ്ഠനുമായ പ്രൊഫ.കെ.വി.രാമകൃഷ്ണൻ, കാലടി ശ്രീശങ്കരാചാര്യസംസ്കൃത സർവ്വകലാശാല പ്രോ. വൈസ് ചാൻസലറായിരുന്ന ഡോ.എ.മുത്തുലക്ഷ്മി, ഡോ.ടി.എം രഘുറാം എന്നിവരെയാണ് ആദരിച്ചത്.

ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അവാർഡ് ജേതാക്കളെ പൊന്നാടയണിയിച്ചു. നിലവിളക്ക് ഉപഹാരമായി സമ്മാനിച്ചു.സംസ്കൃത ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ മികച്ചസംഭാവനയ്ക്കുള്ള പൂത്തോട്ടം ശങ്കരൻ നമ്പൂതിരിയുടെ പേരിലുള്ള പുരസ്കാര ജേതാവാണ് ഡോ. എ. മുത്തുലക്ഷ്മി.കോയമ്പത്തൂർ വിജയ് ഫൗണ്ടേഷൻ്റെ വിവർത്തന അവാർഡ് നേടിയ വിവർത്തന സാഹിത്യകാരനും അറിയപ്പെടുന്ന മനോരോഗ ചികിൽസകനുമാണ് ഡോ.ടി.എം രഘുറാം.
സമാദരണ ചടങ്ങിൽ ദേവസ്വം വേദ- സംസ്കാര പഠന കേന്ദ്രം ഡയറക്ടർ ഡോ.പി.നാരായണൻ നമ്പൂതിരി ,പബ്ളിക്കേഷൻ അസി.മാനേജർ പ്രസിദ്ധീകരണ സമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരായി
