
ബലാത്സംഗക്കേസ്, ദേവ ഗൗഡയുടെ ചെറു മകന് ജീവപര്യന്തം തടവ്

“ബംഗളൂരു: ബലാത്സംഗക്കേസിൽ മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ ചെറുമകനും മുൻ എംപിയുമായ പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം തടവ്. ബംഗളൂരുവിലെ പ്രത്യേക കോടതിയാണ് ശനിയാഴ്ച വിധി പ്രസ്താവിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമെ 10 ലക്ഷം രൂപ പിഴയും ചുമത്തി. ഇരയ്ക്ക് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി അറിയിച്ചു. പ്രജ്വൽ രേവണ്ണയുടെ പേരിലുള്ള നാല് പീഡനക്കേസുകളിൽ ആദ്യത്തെ കേസിലാണ് വിധി പറഞ്ഞിരിക്കുന്നത്.

വിധിക്ക് ശേഷം കോടതിയിൽ നിന്ന് പുറത്തേക്ക് പോകുമ്പോൾ വികാരാധീനനായ രേവണ്ണ പൊട്ടിക്കരഞ്ഞു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ (സിഐഡി) സൈബർ ക്രൈം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ, രേവണ്ണ യുവതിയെ രണ്ട് തവണ ബലാത്സംഗം ചെയ്യുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു എന്നായിരുന്നു ആരോപണം. തെളിവായി അതിജീവിത ഒരു സാരി സമർപ്പിച്ചിരുന്നു. ഫോറൻസിക് പരിശോധനയിൽ ഈ സാരിയിൽ ബീജത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ബലാത്സംഗം തെളിയിക്കുന്നതിനുള്ള പ്രധാന തെളിവായി കോടതി ഇത് സ്വീകരിച്ചത് കേസിൽ നിർണ്ണായകമായി
കേസിൽ പ്രജ്വൽ കുറ്റക്കാരനാണെന്ന് വെള്ളിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. ഡിജിറ്റൽ തെളിവുകൾ പരിശോധിച്ചാണ് പ്രജ്വൽ കുറ്റക്കാരനെ ന്ന് കോടതി കണ്ടെത്തിയത്. 26 ദൃക്സാക്ഷികളെ വിസ്തരിച്ചു.

നിലവിൽ പ്രജ്വൽ രേവണ്ണയ്ക്കെതിരെ നാലു കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷം മെയ് 31 നാണ് പ്രജ്വലിനെ അറസ്റ്റു ചെയ്‌തത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ഹാസ്സൻ മണ്ഡലത്തിൽ നിന്നും മത്സരിക്കവെയാണ് പ്രജ്വൽ നിരവധി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തതിന്റെ വീഡിയോകൾ പ്രചരിച്ചത്.
“ഹാസ്സനിലെ പ്രജ്വലിന്റെ വീട്ടിൽ ജോലി ചെയ്‌ത രണ്ടുപേരും വനിതാ നേതാവും ഒരു വീട്ടമ്മയുമടക്കം നാലു പേരാണ് പരാതി നൽകിയത്. 2021-ൽ യുവതിയെ രണ്ടുതവണ പീഡനത്തനിരയാക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ആദ്യം ഹാസനിലെ വീട്ടിൽ വച്ചും തുടർന്ന് ബംഗളൂരുവിലെ വസതിയിൽ വെച്ചും ലൈംഗികാതിക്രമം നടത്തി. പീഡന ദൃശ്യങ്ങൾ പ്രജ്വൽ ചിത്രീകരിക്കുകയും ഇതുപയോഗിച്ച് ഇരകളെ ഭീഷണിപ്പെടുത്തുകയും ചെയ്‌തതായും പരാതിയിലുണ്ട്.
ഹാസൻ ലോക്‌സഭാ മണ്ഡലത്തിലെ എൻ ഡി എ മുന്നണി സ്ഥാനാർഥിയായിരുന്നു പ്രജ്ജ്വൽ. ദൃശ്യങ്ങൾ പുറത്തായതോടെ, വോട്ടെടുപ്പുനടന്ന ദിവസം രാത്രി വിദേശത്തേക്ക് മുങ്ങി. തെരഞ്ഞെടുപ്പിൽ പ്രജ്വൽ നാൽപത്തിരണ്ടായിരത്തിലേറെ വോട്ടുകൾക്ക് തോൽക്കുകയും ചെയ്തു.
തിരിച്ചുവന്നപ്പോൾ ബെംഗളൂരു വിമാനത്താവളത്തിൽവെച്ച് കഴിഞ്ഞവർഷം മേയ് 31-നാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്.”