ദാവൂദിന്റെ കൂട്ടാളി കാദർ ഗുലാം ഷെയ്ഖ് അറസ്റ്റിൽ.
മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ പ്രധാന കൂട്ടാളിയും മയക്കുമരുന്ന് ഫാക്ടറിയുടെ മാനേജരുമായ കാദര്‍ ഗുലാം ഷെയ്ഖ് അറസ്റ്റില്‍. മയക്കുമരുന്ന് കേസിലാണ് അറസ്റ്റിലായത്. ഡാനിഷ് ചിക്‌ന, ഡാനിഷ് മര്‍ച്ചന്റ് എന്നീ പേരുകളിലാണ് ഇയാള്‍ അറിയപ്പെടുന്നത്.
കഴിഞ്ഞ മാസം മുഹമ്മദ് ആഷികുര്‍ സാഹിദുര്‍ റഹ്മാന്‍, റെഹാന്‍ ഷക്കീല്‍ അന്‍സാരി എന്നിവര്‍ അറസ്റ്റിലായിരുന്നു. ഇവരെ പിടികൂടിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോള്‍ കാദര്‍ ഗുലാം അറസ്റ്റിലായിരിക്കുന്നത്. നവംബര്‍ 8ന് മറൈന്‍ ലൈസന്‍സ് സ്‌റ്റേഷന് സമീപം 144 ഗ്രാം മയക്കുമരുന്നുമായി റഹ്മാന്‍ പിടിക്കപ്പെട്ടതോടെയാണ് അറസ്റ്റ് പരമ്പര ആരംഭിച്ചത്. ചോദ്യം ചെയ്യലില്‍ ഡോംഗ്രിയിലെ അന്‍സാരിയില്‍ നിന്ന് മയക്കുമപുന്ന് വാങ്ങിയതായി റഹ്മാന്‍ വെളിപ്പെടുത്തി. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഡാനിഷ് മര്‍ച്ചന്റും മറ്റൊരു കൂട്ടാളിയായ ഖാദിര്‍ ഫാന്റയും മയക്കുമരുന്ന വിതരണം ചെയ്തതായി അന്‍സാരി വെളിപ്പെടുത്തുകയായിരുന്നു.
ആഴ്ചകളായി ഇവര്‍ക്കായുള്ള തെരച്ചിലിലായിരുന്നു പൊലീസ്. ഡിസംബര്‍ 13ന് ഡോംഗ്രിയില്‍ നിന്നാണ് പൊലീസ് ഇരുവരേയും പിടികൂടുന്നത്. ചോദ്യം ചെയ്യലില്‍ മയക്കു മരുന്ന് റാക്കറ്റില്‍ തങ്ങള്‍ക്ക് പങ്കുണ്ടെന്ന് ഇരുവരും സമ്മതിച്ചതായാണ് വിവരം.
2019ല്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഡോംഗ്രിയിലെ ദാവൂദിന്റെ മയക്കുമരുന്ന് ഫാക്ടറി പൊളിച്ചു മാറ്റിയിരുന്നു. അന്ന് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ആ സമയത്ത് മര്‍ച്ചന്റ് അറസ്റ്റിലായെങ്കിലും പിന്നീട് ജയില്‍ മോചിതനാവുകയായിരുന്നു.