Madhavam header
Above Pot

കോവിഡ് മുക്തര്‍ വീടുകളിലേക്ക് മടങ്ങാന്‍ സ്വന്തം നിലയില്‍ വാഹനസൗകര്യം ഒരുക്കണം

തൃശൂര്‍ : കോവിഡ് ചികിത്സ പൂര്‍ത്തിയാക്കി രോഗ മുക്തരായി പുറത്തിറങ്ങുന്നവര്‍ വീടുകളിലേക്ക് മടങ്ങുന്നതിന് പൊതുഗതാഗത സൗകര്യം ഉപയോഗിക്കുകയോ സ്വന്തം നിലയില്‍ വാഹനം ഏര്‍പ്പെടുത്തുകയോ വേണമെന്ന് നിര്‍ദ്ദേശിക്കും. പുതുതായി രോഗബാധിതരാവുന്നവരെ ചികിത്സാ കേന്ദ്രങ്ങളിലെത്തിക്കുന്നതിന് നിലവിലുള്ള ആംബുലന്‍സുകള്‍ ഉപയോഗിക്കേണ്ടതിനാലാണിത്. പ്രതിദിന ജില്ലാതല കോവിഡ അവലോകനയോഗത്തിലാണ് ഈ നിര്‍ദ്ദേശം ഉയര്‍ന്നത്.
ഒരിക്കല്‍ രോഗം ബാധിച്ചവര്‍ക്ക് വീണ്ടും രോഗബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന്
വിലയിരുത്തിയിട്ടുണ്ട്. ഇവരില്‍നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാനും സാധ്യതയില്ല.

കൂടുതല്‍ രോഗബാധിതര്‍ ഉണ്ടാവുകയും ഇവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനായി നിലവിലുള്ള
ആംബുലന്‍സ് സൗകര്യം പൂര്‍ണ്ണമായി ഉപയോഗിക്കേണ്ട അവസ്ഥയാണുള്ളത്. ഈ ജോലിഭാരം മൂലം രോഗമുക്തരായവരെക്കൂടി വാഹന സൗകര്യം ഏര്‍പ്പെടുത്തി വീട്ടില്‍ എത്തിക്കുന്നത് പ്രായോഗിക ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.  വിവിധ പരിശോധനകള്‍ക്കായി കോവിഡ് സംശയിക്കുന്നവരെ പരിശോധനാ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനും  ആരോഗ്യ- തദ്ദേശ വകുപ്പുകള്‍ വാഹനസൗകര്യം ഒരുക്കുന്നുണ്ട്. രോഗവ്യാപനം വര്‍ധിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ രോഗബാധിതരെ ആശുപത്രിയില്‍ എത്തിക്കുന്നതിനാണ് മുന്‍ഗണന.   രോഗമുക്തര്‍ താരതമ്യേന
സുരക്ഷിതരാണ് എന്നതിനാല്‍ ചികിത്സ പൂര്‍ത്തിയാക്കി വീടുകളിലേക്ക് മടങ്ങാന്‍ സ്വന്തം നിലയില്‍ വാഹനസൗകര്യം ഏര്‍പ്പെടുത്തുകയോ പൊതുഗതാഗത സൗകര്യം ഉപയോഗിക്കുകയോ ചെയ്യണമെന്ന് നിര്‍ദ്ദേശിക്കും. ഇക്കാര്യം പരിഗണിച്ച് താമസിയാതെ തീരുമാനമെടുക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്.ഷാനവാസ് അറിയിച്ചു.

Astrologer

Vadasheri Footer